പാലക്കാട്ട് എബിസി പദ്ധതി ഫലപ്രദമാകുന്നില്ല
1548805
Thursday, May 8, 2025 2:01 AM IST
പാലക്കാട്: തെരുവുനായ ആക്രമണങ്ങൾ വർധിക്കുമ്പോഴും നഗരസഭ പരിധിയിൽ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ഫലപ്രദമാകുന്നില്ല.
2023-24 സാമ്പത്തിക വർഷത്തിൽ 325 തെരുവു നായ്ക്കളെയാണ് നഗരസഭ പരിധിയിൽ എബിസി പദ്ധതിയിലൂടെ വന്ധ്യംകരിച്ചത്.
എന്നാലിത് 2024-25 സാമ്പത്തികവർഷം 187 ആയി കുറഞ്ഞതായി അധികൃതർ സമ്മതിക്കുന്നു.
പ്രായോഗികവും സാങ്കേതികവുമായ കാരണങ്ങൾപറഞ്ഞു നഗരസഭയിൽ എബിസി പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം ശക്തമാകുന്നത്. വാർഷിക വികസനപദ്ധതിയിൽനിന്ന് വിഹിതമായി നിശ്ചിത തുക ജില്ലാപഞ്ചായത്തിനു കൈമാറി ഉത്തരവാദിത്വത്തിൽനിന്നും നഗരസഭ ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി 10 ലക്ഷം രൂപയാണ് നഗരസഭ ജില്ലാപഞ്ചായത്തിനു നൽകിയത്.
നഗരസഭ നൽകിയ വിവരാവകാശ രേഖകൾ പ്രകാരം കഴിഞ്ഞവർഷങ്ങളിൽ 48 വളർത്തുനായ്ക്കൾക്കാണ് പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുത്തു ലൈസൻസ് നൽകിയത്.
163 തെരുവുനായ്ക്കൾക്കു മൃഗസംരക്ഷണ വകുപ്പ് മുഖേന കുത്തിവയ്പ് നൽകിയതായും പറയുന്നു.