പ്ലസ് ടു പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു: കോയന്പത്തൂർ ജില്ല നാലാംസ്ഥാനത്ത്
1549067
Friday, May 9, 2025 1:40 AM IST
കോയന്പത്തൂർ: തമിഴ്നാട് പ്ലസ് ടു പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചെന്നൈയിലെ കോട്ടൂർപുരത്തുള്ള അണ്ണാ സെന്റിനറി ലൈബ്രറി ഓഡിറ്റോറിയത്തിൽ സ്കൂൾ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമോഷിയാണ് പൊതുപരീക്ഷാഫലം പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പ്ലസ് ടു പൊതുപരീക്ഷയിലെ വിജയശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 94.56 ശതമാനം വിദ്യാർഥികൾ വിജയിച്ചപ്പോൾ ഈ വർഷം 95.03 ശതമാനം പേർ വിജയിച്ചു. 753142 പേർ വിജയിച്ചു.
പ്ലസ് ടു പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കുള്ള സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 25 മുതൽ ആരംഭിക്കുമെന്നും സപ്ലിമെന്ററി പരീക്ഷകളുടെ പരീക്ഷാ ഷെഡ്യൂൾ നാളെ പ്രസിദ്ധീകരിക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂൾ വഴി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
സപ്ലിമെന്ററി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 14 മുതൽ 31 വരെ അപേക്ഷിക്കാം. സ്വകാര്യ ഉദ്യോഗാർഥികൾക്ക് സർക്കാർ പരീക്ഷാ സേവനകേന്ദ്രങ്ങളിൽ അപേക്ഷിക്കാം. 13 മുതൽ 17 വരെ വിദ്യാർഥികൾക്ക് അവർ പഠിച്ച സ്കൂളുകളിൽ നിന്ന് ഉത്തരക്കടലാസുകളുടെ പകർപ്പുകൾക്ക് അപേക്ഷിക്കാം.
കോയന്പത്തൂർ ജില്ല
നാലാം സ്ഥാനത്ത്
കോയന്പത്തൂർ: പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ 97.48% വിജയത്തോടെ കോയമ്പത്തൂർ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ജില്ലയിലെ 363 സ്കൂളുകളിൽ നിന്നായി 35,037 വിദ്യാർഥികൾ (16,135 ആൺകുട്ടികളും 18,902 പെൺകുട്ടികളും) പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 34,155 വിദ്യാർഥികൾ (15,579 ആൺകുട്ടികളും 18,576 പെൺകുട്ടികളും) വിജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം 96.55 ഉം പെൺകുട്ടികളുടേത് 98.28 ഉം ആണ്.
കോയമ്പത്തൂർ ജില്ലയിൽ 180 സ്കൂളുകൾ 100 ശതമാനം വിജയം നേടി. തമിഴ്നാട്ടിൽ 98.82 ശതമാനം വിജയം നേടി അരിയലുർ ജില്ല ഒന്നാംസ്ഥാനത്തും, 97.98 ശതമാനം വിജയം നേടി ഈറോഡ് രണ്ടാം സ്ഥാനത്തും 97.53 ശതമാനം വിജയം നേടി തിരുപ്പൂർ ജില്ല മൂന്നാംസ്ഥാനത്തുമാണ്.
കോയമ്പത്തൂർ സെൻട്രൽ ജയിലിലെ പ്ലസ് ടു പൊതുപരീക്ഷ എഴുതിയ എല്ലാ തടവുകാരും വിജയിച്ചു. ജയിലിലെ തടവുകാരിൽ 23 പേർ ഈ വർഷം പ്ലസ് ടു പൊതുപരീക്ഷ എഴുതിയിരുന്നു.
ഇതിൽ ഭാസ്കർ എന്ന തടവുകാരൻ 448 മാർക്ക് നേടി തടവുകാരുടെ പട്ടികയിൽ ഒന്നാമതെത്തി.
ഹരികൃഷ്ണൻ 430 മാർക്കുമായി രണ്ടാം സ്ഥാനവും തുളസി ഗോവിന്ദരാജൻ 429 മാർക്കുമായി മൂന്നാം സ്ഥാനവും നേടി.
തമിഴ്നാട്ടിലെ ജയിലുകളിലായി 140 തടവുകാർ പ്ലസ് ടു പൊതുപരീക്ഷ എഴുതി. ഇതിൽ 130 പേർ വിജയിച്ചു.