ട്രെയിനിടിച്ച് പശുക്കൾ നഷ്ടപ്പെട്ട അനന്തന് സഹായമെത്തിച്ച് വി.കെ. ശ്രീകണ്ഠൻ എംപി
1548816
Thursday, May 8, 2025 2:01 AM IST
മലന്പുഴ: കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി ഒൻപതു കറവപ്പശുക്കൾ നഷ്ടപ്പെട്ട അനന്തന് സഹായഹസ്തവുമായി വി.കെ. ശ്രീകണ്ഠൻ എംപി. വാർത്ത അറിഞ്ഞ് അനന്തന്റെ കുടുംബത്തെ കാണാനെത്തിയ എംപി കഴിയുന്നസഹായം ചെയ്യാമെന്നു വാഗ്ദാനം നല്കിയിരുന്നു. തുടർന്ന് അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളോട് എംപി ഇക്കാര്യം സൂചിപ്പിക്കുകയും അവർ നല്കിയ മൂന്നു പശുക്കളേയും രണ്ടു കാളകളെയും അനന്തന്റെ കുടുംബത്തിനു കൈമാറുകയുമായിരുന്നു. നിർധനരായ അനന്തന്റെ കുടുംബത്തെ സഹായിക്കണമെന്ന് നാട്ടുകാരും എംപിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ ഒരു പശുവിനെ നല്കിയത് ഫൈവ് സ്റ്റാർ മെറ്റൽസ് ഗ്രൂപ്പ് മാധവനും രണ്ടു പശുക്കളെയും രണ്ടു കാളകളെയും നൽകിയത് അത്താച്ചി ഗ്രൂപ്പ് ഉടമ സുന്ദറുമാണ.് ഇന്നലെ ഈ വളർത്തുമൃഗങ്ങളെ എംപി മുഖാന്തരം അനന്തന്റെ വീട്ടിൽ എത്തിച്ചപ്പോൾ അനന്തന്റെ ഭാര്യയും മക്കളും മാത്രമല്ല ആ പ്രദേശത്തെ മുഴുവൻ ജനങ്ങളും ചടങ്ങിൽ പങ്കാളികളായി.
കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, യുഡിഎഫ് നേതാക്കളായ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് എ. ഷിജു, ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് എം.സി. സജീവൻ, കെ. ശിവരാജേഷ്, ഹരിദാസ് മച്ചിങ്ങൽ, കെ.കെ. വേലായുധൻ, ഇ.വി. കോമളം, എം.ബി. സുരേഷ് കുമാർ, എം. പ്രേമകുമാരൻ, ശ്രീജിത്ത് ചെറാട്, ബി. ശ്രീകുമാർ, കെ.വെള്ള, തങ്കമണി ടീച്ചർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.