ഒറ്റപ്പാലം നഗരസഭയിലെ 15 വാർഡുകളിൽ തെരുവുവിളക്കുപരിപാലനം വഴിമുട്ടി
1548503
Wednesday, May 7, 2025 1:19 AM IST
ഒറ്റപ്പാലം: തെരുവുവിളക്ക് പരിപാലനം വീണ്ടും തൃശങ്കുവിൽ. നഗരസഭയിലെ 15 വാർഡുകളിൽ പലയിടത്തുമായി തെരുവുവിളക്കുകളുടെ തകരാർ പരിഹരിക്കുന്നതിൽ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്.
തെരുവുവിളക്ക് പരിപാലനത്തിനുള്ള കരാർ കാലാവധി 24ന് പൂർത്തിയാവുകയും പരിപാലനം മുടങ്ങുകയും ചെയ്തതാണ് പല പ്രദേശങ്ങളെയും ഇരുട്ടിലാക്കിയത്.
നൽകാനുള്ള ബാക്കിപ്പണം നൽകാതെ തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കില്ലെന്നു കരാറുകാരൻ നിലപാടെടുത്തതും പ്രതിസന്ധിക്കു കാരണമായി. എത്രയുംപെട്ടെന്ന് തെരുവുവിളക്കുകളുടെ തകരാറുകൾ പരിഹരിക്കണമെന്നു കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.
പ്രശ്നം പരിഹരിക്കാൻ കരാറുകാരനെകൂടി ഉൾപ്പെടുത്തി പ്രത്യേക കൗൺസിൽയോഗം വിളിച്ചുചേർക്കാനാണ് തീരുമാനം.
15 വാർഡുകളിൽ കഴിഞ്ഞ രണ്ടുമാസമായി പലയിടത്തും തെരുവുവിളക്കുകൾ തെളിയുന്നില്ലെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്.ഈ വാർഡുകളിൽ പ്രശ്നങ്ങൾ പരിഹരിക്കാതെ കരാറുകാരനു ബാക്കിയുള്ള തുക നൽകരുതെന്നും കരാർകാലാവധി നീട്ടിനൽകി പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
തെരുവുവിളക്കു പരിപാലനത്തിന് നിശ്ചയിച്ച നിരീക്ഷണസമിതി കൃത്യമായി പ്രവർത്തിച്ചില്ലെന്നും കൗൺസിലർമാർ ആരോപിച്ചു. ചിലയിടത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ തെളിയാതെ കിടക്കുന്നുണ്ടെന്നും ഇതും പരിഹരിക്കണമെന്നും ആവശ്യമുയർന്നു.എന്നാൽ, പണം നൽകാതെ ബാക്കിപണി ചെയ്യാനാകില്ലെന്നാണു കരാറുകാരൻ പറഞ്ഞതെന്നു അസിസ്റ്റന്റ് എൻജിനീയർ കൗൺസിലിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് ആദ്യം അനുമതി നൽകേണ്ടതു ജില്ലാ പഞ്ചായത്തിൽ നിന്നാണ്. ശേഷമാണ് നഗരസഭയിലേക്ക് ബില്ലുകളെത്തി പണം അനുവദിക്കുന്നത്.
പലപ്പോഴും ജില്ലാ പഞ്ചായത്തിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാകാൻ വൈകുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.