വനാതിർത്തികളിലെ വന്യജീവികളുടെ സാന്നിധ്യം അറിയാനുള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
1548814
Thursday, May 8, 2025 2:01 AM IST
പാലക്കാട്: ഡിവിഷനിൽ സ്ഥാപിക്കുന്ന ഏർലി വാർണിംഗ് സിസ്റ്റം ഇന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതിന് പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് കോന്പൗണ്ടിലാണ് പരിപാടി. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നതിന് മുന്പ് വനാതിർത്തികളിൽ വന്യമൃഗങ്ങൾ എത്തുന്പോൾതന്നെ മുൻകൂട്ടി അറിവ് ലഭിക്കുന്നതിനായി സ്ഥാപിക്കുന്നതാണ് ഏർലി വാർണിംഗ് സിസ്റ്റം.
ഏത് പ്രതികൂല കാലാവസ്ഥയിലും രാത്രിയിലും പകലും പ്രവർത്തിക്കുന്നതും 500 മുതൽ 1200 മീറ്റർ വരെ ദൂരപരിധിയിൽ സഞ്ചാരപഥത്തിലുള്ള ആന, പുലി മുതലായ വന്യജീവികളുടെ സാന്നിധ്യം മനസിലാക്കാൻ കഴിയുന്നതുമായ അത്യാധുനിക തെർമൽ കാമറകളും, നൈറ്റ് വിഷൻ കാമറകളും ഉൾപ്പടെയുള്ള പെരിമീറ്റർ ഇന്ററുഷ്യൻ ഡിറ്റെക്ഷൻ സാങ്കേതിക വിദ്യയാണ് ഏർലി വാർണിംഗ് സിസ്റ്റം. ഈ സംവിധാനം ഉപയോഗിച്ച് വന്യജീവികളുടെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ഒരു കേന്ദ്രീകൃത കണ്ട്രോൾ റൂമിലെത്തിക്കാനും നിർമിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് പ്രാദേശിക ജനങ്ങളെ അറിയിക്കാനും സാധിക്കും.
പാലക്കാട് ഡിവിഷന് കീഴിലെ യഥാക്രമം ഒലവക്കോട്, വാളയാർ റേഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പരിപാടിയിൽ എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവർ മുഖ്യാതിഥികളാകും.