എ.വി. മുകേഷ് അനുസ്മരണം
1548817
Thursday, May 8, 2025 2:01 AM IST
പാലക്കാട്: ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് സീനിയർ കാമറാമാൻ എ.വി. മുകേഷിനെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരിച്ചു. പ്രസ്ക്ലബ്ബിൽ നടന്ന പരിപാടി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യം പോലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ മാധ്യമങ്ങൾ കാന്പയിനായി ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും സമൂഹത്തിന്റെ അടിത്തട്ടിൽ നടക്കുന്ന പ്രശ്നങ്ങളും ചർച്ചയാകണം. വന്യമൃഗ ആക്രമണത്തിന് എന്താണ് പ്രതിവിധിയെന്ന് ആരും പറയുന്നില്ല. ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
എ.വി. മുകേഷിന്റെ സ്മരണയ്ക്കായി പാലക്കാട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരം മാതൃഭൂമി ന്യൂസ് തിരുവനന്തപുരം യൂണിറ്റ് കാമറാമാൻ എം.ആർ. അനൂപിന് മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. എൻ. സുസ്മിത അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ക്ലബ് പ്രസിഡന്റ് നോബിൾ ജോസ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പ്രസ്ക്ലബ് സെക്രട്ടറി എം. ശ്രീനേഷ്, ട്രഷറർ ടി.എസ്. മുഹമ്മദ് അലി, എംഎ പ്ലൈ ഫൗണ്ടേഷൻ സ്ഥാപകൻ നിഖിൽ കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു.