മലയോരവാസികളുടെ പ്രശ്നങ്ങൾ അറിയാൻ വി.കെ. ശ്രീകണ്ഠൻ എംപി മീൻവല്ലം സന്ദർശിച്ചു
1549064
Friday, May 9, 2025 1:40 AM IST
കല്ലടിക്കോട്: മെംബറുടെ ഭാഗ്യം, വെള്ളച്ചാട്ടം മാത്രമല്ല ഇടയ്ക്ക് ആനയും പുലിയും കാണാമല്ലോ എന്ന് തമാശരൂപേണ എംപി. വല്ലപ്പോഴുമല്ല എന്നും കാട്ടുമൃഗശല്യമാണ് സാറേ എന്ന് മെംബറും നാട്ടുകാരും. മീൻവല്ലം മലയോര നിവാസികളുടെ പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കാര്യങ്ങൾ മനസ്സിലാക്കിയ എംപി പറഞ്ഞു.
മീൻവല്ലം ആറ്റ്ല നിവാസികളുടെ ക്ഷണം സ്വീകരിച്ച് പ്രദേശത്തുള്ളവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ എം പി സ്ഥലം സന്ദർശിക്കുകയായിരുന്നു. പദ്ധതി പ്രദേശത്തേക്കുള്ള പാലം, കാട്ടുമൃഗശല്യം, പ്രദേശത്തെ ടെലി കമ്യൂണിക്കേഷൻ സംവിധാനത്തിന്റെ അപര്യാപ്തത എന്നീ പ്രധാന പ്രശ്നങ്ങൾ എംപി യുടെ ശ്രദ്ധയിൽ പ്പെടുത്തി. പ്രദേശത്തുകാരുടെ വിവിധ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജലവൈദ്യുതിപദ്ധതി പ്രദേശത്തേക്ക് എത്താൻ പുഴക്ക് കുറുകെ പാലം വേണമെന്നും വന്യമൃഗശല്യത്തിന് പരിഹാരം വേണമെന്നും നാട്ടുകാർ അവലോകനയോഗത്തിൽ പറഞ്ഞു.
യുഡിഎഫ് നേതാക്കളായ ആൻറണി മതിപ്പുറം, യൂസഫ് പാലക്കൽ, എം.കെ. മുഹമ്മദ് ഇബ്രാഹിം, വി. കെ. ഷൈജു, കെ. ചന്ദ്രൻ, സി.എം. നൗഷാദ്, മാത്യു കല്ലടിക്കോട്, സാബു ജോസഫ്, മുഹമ്മദ് അസ്ലം, മുഹമ്മദ് നവാസ്, നൗഫൽ, ഷിനു ജോർജ് തുടങ്ങിയവരും എംപി യോടൊപ്പം ഉണ്ടായിരുന്നു.