വേലന്താവളം ഉഴവർചന്തയിൽ പച്ചക്കറികളുമായി കർഷകരുടെ തിരക്ക്
1548511
Wednesday, May 7, 2025 1:19 AM IST
കൊഴിഞ്ഞാമ്പാറ: വേലന്താവളം ഉഴവർചന്തയിൽ പച്ചക്കറി ഉത്പന്നങ്ങൾ എത്തിച്ച് കർഷകരുടെ തിരക്ക്. വെണ്ട , പയർ, തക്കാളി, പച്ചമുളക്, പടവലം ഉൾപ്പെടെ മിക്കയിനം പച്ചക്കറികളും കർഷകർ ചന്തയിൽ എത്തിക്കുകയാണ്. പ്രഭാതസമയങ്ങളിൽ ലേലത്തിൽ വിൽക്കുന്ന പച്ചക്കറിയുടെ വിലയുടെ നിശ്ചിത ശതമാനം സേവനനിരക്കായി ഈടാക്കി ബാക്കി തുക കർഷകന് ഉടൻ നൽകുന്നുമുണ്ട്.
വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രദേശങ്ങളിലെ കർഷകരാണ് ചന്തയിൽ ഉത്പന്നങ്ങൾ എത്തിക്കുന്നത്. കൊറോണകാലത്ത് നിർജീവമായ ചന്ത കഴിഞ്ഞ വർഷമാണ് സജീവമായത്. മഴയോ കനാൽജലമോ ലഭിക്കാത്ത സ്ഥ ലങ്ങളിൽനിന്നും കുഴൽകിണറുകളേയും മറ്റും വെള്ളം പമ്പ് ചെയ്താണ് കർഷകർ സമൃദ്ധവിളവുണ്ടാക്കിയിരുന്നത്. മുൻകാലങ്ങളിൽ കോയമ്പത്തൂർ രാജാ സ്ട്രീറ്റിലുള്ള പച്ചക്കറിചന്തയിലാണ് കൊണ്ടുപോയി വിറ്റിരുന്നത്. ഇതിന് ചെലവേറുമെന്നതിനാലാണ് കർഷക കൂട്ടായ്മയുടെ ശ്രമഫലമായി വേലന്താവളത്ത് ചന്ത തുടങ്ങിയത്. നിലവിൽ കോയമ്പത്തൂരിലുള്ള വ്യാപാരികളും ഉഴവർചന്തയിൽ പച്ചക്കറി വാങ്ങാൻ എത്തുന്നുണ്ട്.