വൈദ്യുതിസ്കൂട്ടർ നന്നാക്കാൻ വൈകി; നഷ്ടപരിഹാരത്തിന് ഉത്തരവ്
1548505
Wednesday, May 7, 2025 1:19 AM IST
ആലത്തൂർ: പുതുതായി വാങ്ങിയ വൈദ്യുതിസ്കൂട്ടർ വാറന്റി സമയത്തിനകം കേടായതു നന്നാക്കാൻ വരുത്തിയ കാലതാമസത്തിനു നഷ്ടവും ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
ആലത്തൂർ കോർട്ട് റോഡിലെ സ്വകാര്യ വൈദ്യുതിസ്കൂട്ടർ ഡീലർ മാനേജർ, കോഴിക്കോട്ടെ കന്പനി എന്നിവർക്കെതിരേ ആലത്തൂർ വെങ്ങന്നൂർ പറയൻക്കോട്ടിൽ എ. അബ്ദുൾ ജബ്ബാർ നൽകിയ പരാതിയിലാണ് ജില്ലാ കമ്മീഷന്റെ ഉത്തരവ്. 2023 സെപ്റ്റംബർ 15 ന് വാങ്ങിയ സ്കൂട്ടർ ഉപയോഗത്തിലിരിക്കെ പലവിധ തകരാറുകൾ ഇടക്കിടെ കാണിച്ചുതുടങ്ങി.
ഈ സമയത്തെല്ലാം ഒന്നാം എതിർകക്ഷി സ്ഥാപനത്തിൽ എത്തിച്ച് നന്നാക്കിക്കൊടുത്തിരുന്നു .
എന്നാൽ ഓരോ പ്രാവശ്യവും കേടാകുമ്പോഴും കൃത്യസമയത്തൊന്നും നന്നാക്കിക്കൊടുത്തിരുന്നില്ല. തിരിച്ചുകിട്ടാൻ വൈകുമ്പോഴുണ്ടാകുന്ന വിഷമം എതിർ കക്ഷികളോടു പറയുമ്പോഴൊന്നും അവരതു കണക്കിലെടുത്തിരുന്നുമില്ല. ഏറ്റവുംഒടുവിൽ സ്കൂട്ടർ നന്നാക്കിതിരികെ നൽകിയത് മുപ്പത്തിയെട്ടാം ദിവസമാണ്.
ഈ കാര്യമാണ് പരാതിക്കിടയാക്കിയത്. വൈകിയതിന് നഷ്ടം 12,000 പരാതിപ്പെടാൻ വന്ന ചെലവ് 5,000 മനോവിഷമത്തിന് നഷ്ടം 10,000 എന്നിങ്ങനെ 27,000 രൂപ നൽകാനാണ് ഉത്തരവ്.
45 ദിവസത്തിനകം നൽകണമെന്നും വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ മാസത്തിനും 500 രൂപ വീതം പിഴയീടാക്കണമെന്നും ഉത്തരവിൽ പറയുന്നു.