കൽച്ചാടിയിൽ റബർടാപ്പിംഗ് തൊഴിലാളികളെ കാട്ടാനകൾ ഓടിച്ചു
1548508
Wednesday, May 7, 2025 1:19 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ റബർ ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. കോപ്പൻകുളമ്പ് സ്വദേശി മുത്തുവിന്റേയും കരിമ്പാറ സ്വദേശി ബലേന്ദ്രന്റേയും കൽച്ചാടിയിലുള്ള റബർതോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി പോയ മോളത്ത് എൽദോസ്, ഭാര്യ സൂസി എന്നിവരെയാണ് കഴിഞ്ഞദിവസം രാവിലെ കാട്ടാനകൾ ഓടിച്ചത്.
രാവിലെ ആറരയോടെ തോട്ടത്തിൽ എത്തിയ ഇവർ ദൂരെ ഒരു കാട്ടാന തോട്ടത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തോട്ടത്തിൽ നിന്നും മടങ്ങി സമീപത്തുള്ള മറ്റൊരു തോട്ടത്തിന് സമീപം ആനകളെ നിരീക്ഷിച്ച് നിൽക്കുമ്പോൾ മറുഭാഗത്തുനിന്ന് പുഴയിറങ്ങി 5 കാട്ടാനകൾ ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആനകളുടെ ചിന്നംവിളി കേട്ടതോടെ ഇരുവരും അവിടെനിന്ന് കനാൽ ബണ്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പുഴയിറങ്ങി വന്ന കാട്ടാനക്കൂട്ടം ഇവർ നിൽക്കുന്ന സ്ഥലത്തേക്ക് റബർ തോട്ടങ്ങളിലൂടെ ഓടിയെടുത്തു.
സമീപത്തുണ്ടായിരുന്ന ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റു തോട്ടങ്ങളിലെ തൊഴിലാളികൾ വിവരമറിഞ്ഞ് എത്തി ഒച്ചവെച്ചാണ് കാട്ടാനകളെ റബർ തോട്ടങ്ങളിൽ നിന്ന് വടക്കൻചിറ ഭാഗത്തെ വീടുകളിലേക്ക് കാട്ടാനകൾ വരുന്നത് തടയാൻ കഴിഞ്ഞത്. രാവിലെ എട്ടരയോടെ പണ്ടിക്കൂടി എൽദോസ്, അബ്ബാസ് കരിമ്പാറ എന്നിവരുടെ തോട്ടങ്ങളിലെ സൗരോർജവേലി തകർത്താണ് കാട്ടാനകൾ വനമേഖലയിലേക്ക് കടന്നത്.
കൽച്ചാടി, നിരങ്ങൻപാറ, വടക്കൻചിറ, കൽച്ചാടിനഗർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ചക്ക, പൈനാപ്പിൾ, മാങ്ങ തുടങ്ങി ഫലവൃക്ഷങ്ങൾ ലക്ഷ്യമാക്കിയാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് ദിവസങ്ങളായി കറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നിരങ്ങമ്പാറ മുതൽ കൽച്ചാടി, ചള്ള, ഓവുപാറ പ്രദേശങ്ങളിലെ സൗരോർജവേലി പ്രവർത്തിക്കുന്നില്ലെന്നും മേഖലയിൽ ആരംഭിച്ച തൂക്കുവേലിയുടെ നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. വേനൽക്കാലം, വർഷകാലം തുടങ്ങി രാപ്പകൽ ഭേദമില്ലാതെ കാട്ടാനകൾ മേഖലയിൽ സ്ഥിരമായി കൃഷിനാശം വരുത്തുന്നതിനാൽ പ്രദേശവാസികളിൽ പലരും മേഖലയിൽനിന്ന് താമസം മാറി. നെന്മാറ ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽപെട്ട ഈ മേഖലയിലേക്ക് പ്രഖ്യാപിച്ച ദ്രുതപ്രതികരണസേന (ആർആർടി) യുടെ സേവനവും ജീവനക്കാരെ നിയമിക്കാത്തതിനാൽ പ്രഖ്യാപനത്തിൽ ഒതുങ്ങിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.