സംസ്ഥാന പട്ടയമേളയിൽ കൂടുതൽ പട്ടയം നൽകിയത് പാലക്കാട് ജില്ലയിൽ
1549061
Friday, May 9, 2025 1:40 AM IST
പാലക്കാട്: സംസ്ഥാന പട്ടയമേളയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് പാലക്കാട് ജില്ലയിലാണ്. എൽടി 8486, എൽഎ 179, മിച്ചഭൂമി പട്ടയങ്ങൾ 325, വനാവകാശം 60 എന്നിങ്ങനെ ആകെ 9050 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. ഉണ്ണിരാംകുന്ന് കുറ്റിക്കൽ വീട്ടിൽ ആമിന, കോങ്ങാട് പാറശേരി കുന്നത്ത് അംബിക ( ലാൻഡ് അസൈൻമെന്റ് പട്ടയം), കള്ളമല താണിച്ചുവട് നീലി (ലാൻഡ് ട്രിബ്യൂണൽ പട്ടയം), അഗളി നായ്ക്കർപാടി കാളിയമ്മാൾ (ലാൻഡ് ട്രിബ്യൂണൽ പട്ടയം), ചാലിശേരി മലയംപറന്പൽ സനിത, ഞാങ്ങാട്ടിരി പാടൻമാരിൽ ഉഷ, അങ്ങാടിദേശം ചോലയിൽ സുഹറ എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് പട്ടയം ഏറ്റു വാങ്ങി. ഇരുപത് കൗണ്ടറുകൾ പട്ടയ വിതരണത്തിനായി ഒരുക്കിയിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ രണ്ടാം ഗവണ്മെന്റ് പുതിയൊരു ചരിത്രം കുറിക്കുകയാണെന്നും കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞു എന്ന ബഹുമതി നേടാൻ ഈ സർക്കാരിന് സാധിച്ചെന്നും റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന പട്ടയമേളയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും പട്ടയം കൊടുക്കുവാൻ സാധ്യമായ എല്ലാ വഴികളിലൂടെയും ഗവണ്മെന്റ് സഞ്ചരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാവർക്കും പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടയം മിഷൻ രൂപീകരിക്കുകയും സംസ്ഥാനത്തിലെ 140 മണ്ഡലങ്ങളിലും എംഎൽഎമാർ അധ്യക്ഷരായി മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കാളികളാക്കിക്കൊണ്ട് റവന്യൂ അസംബ്ലിയും ചേരുവാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. മൂന്ന് വില്ലേജുകളുടെ കൂടി ഡിജിറ്റൽ റീസർവേ പ്രകാരമുള്ള നടപടിക്രമങ്ങൾ ജൂണ് മാസത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.