സേവ് മണ്ണാർക്കാടിന്റെ സൗജന്യ ഉച്ചഭക്ഷണവിതരണം
1549069
Friday, May 9, 2025 1:40 AM IST
മണ്ണാർക്കാട്: കഴിഞ്ഞ എട്ട് വർഷങ്ങളായി സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റ് താലൂക്ക് ആശുപത്രിയിൽ എല്ലാ ബുധനാഴ്ചകളിലും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു വരുന്നു. കഴിഞ്ഞദിവസത്തെ ഉച്ചഭക്ഷണത്തിന്റെ വിതരണത്തിന്റെ ചുമതല സേവ് മണ്ണാർക്കാടിന്റെ കുട്ടിക്കൂട്ടത്തിലെ വിദ്യാർഥികൾക്കായിരുന്നു. അവർക്ക് ഈദിനം ഓർമയിൽ എന്നും തങ്ങിനിൽക്കുന്ന സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. ഇല്ലാത്തവന് ദാനം നൽകുന്നതിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന് കുട്ടികളെ ചുമതലപ്പെടുത്തിയതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം സ്പോൺസർ ചെയ്തത് സേവ് മണ്ണാർക്കാട് മെംബറും ആയുർവേദ ഡോക്ടറുമായ ഷിബു തന്റെ അമ്മയുടെ ഓർമദിനത്തോടനുബന്ധിച്ചായിരുന്നു. സേവ് മണ്ണാർക്കാട് കുട്ടിക്കൂട്ടം അംഗങ്ങളായ അഹമ്മദ് നാസിം, ഫൈഹ ഫാത്തിമ, ഫാത്തിമ റുഫൈദ, ഷാൻ കൂടാതെ സേവ് മണ്ണാർക്കാട് ഭാരവാഹികളായ റംഷാദ്, ഫക്രുദ്ദീൻ, പ്രവർത്തകസമിതി അംഗങ്ങളായ ഹബീബി, എൻ.ടി. നാസർ എന്നിവരാണ് ഭക്ഷണവിതരണത്തിന് നേതൃത്വം നൽകിയത്.