ഭാരതപ്പുഴയോരം സൗന്ദര്യവത്കരണം പദ്ധതിക്കു മെല്ലെപ്പോക്കിന്റെ ശനിദശ
1548804
Thursday, May 8, 2025 2:01 AM IST
ഷൊർണൂർ: ഭാരതപ്പുഴയോരം സൗന്ദര്യവത്കരണ പദ്ധതി നടപ്പായില്ല. വൻ ടൂറിസംസാധ്യത ലക്ഷ്യമിട്ടു കഴിഞ്ഞ മാസങ്ങളിലാണ് നഗരസഭ സൗന്ദര്യവത്കരണ പദ്ധതികൾ തയാറാക്കിയത്.
സംരക്ഷണ ഭിത്തി മുതൽ പെഡൽബോട്ടുവരെ പദ്ധതിയിലുണ്ടെങ്കിലും ഇപ്പോഴും പ്രാരംഭനടപടികൾ പോലും ഇതിന്റെ ആരംഭിച്ചിട്ടില്ല. പ്രളയത്തിൽ തകർന്ന ഭാരതപ്പുഴയോരത്തെ സംരക്ഷണഭിത്തികൾ നവീകരിക്കുകയാണ് ആദ്യം ചെയ്തുതീർക്കാൻ തീരുമാനിച്ചത്.
കുടുംബങ്ങളുമായി ഉല്ലാസത്തിനെത്തുന്നവർക്കു പുഴയിൽ പെഡൽബോട്ട് സർവീസ് ആരംഭിക്കാനും പദ്ധതി തയാറാക്കിയിരുന്നു.
പക്ഷേ ഇതെല്ലാം പ്രാവർത്തികമാകാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. മുൻ വർഷങ്ങളിൽ പാർക്ക് ഭാരതപ്പുഴയോരത്ത് നിർമിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങളിൽ അധികവും തുരുമ്പെടുത്തു നശിച്ച അവസ്ഥയാണ്. നിലവിൽ കുതിരസവാരി ഉൾപ്പെടെ ഇപ്പോൾ ഭാരതപ്പുഴയിൽ ഞായറാഴ്ച വൈകുന്നേരം സ്വകാര്യവ്യക്തികൾ നടത്തുന്നുണ്ട്.
വേനൽക്കാലത്ത് സൗന്ദര്യവത്കരണം ഒന്നാംഘട്ടം ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.
20 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടം എന്ന രീതിയിൽ 4.80 കോടിയുടെ പ്രവൃത്തികളാണു ആരംഭിക്കുന്നത്. ഇതിന്റെ ഡിപിആർ തയാറാക്കാൻ കോഴിക്കോട് എൻഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് നഗരസഭാധികൃതർ പറയുന്നത്.
കൊച്ചി പാലത്തിനു സമീപത്തും ഭാരതപ്പുഴയുടെ തീരത്തും തൃശൂർ, പാലക്കാട് ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിവുദിവസങ്ങളിൽ നിരവധി ആളുകളാണ് ഭാരതപ്പുഴയിലെത്തുന്നത്.
കേന്ദ്രസർക്കാരാണ് ഭാരതപ്പുഴയോരം സൗന്ദര്യവത്കരിക്കുന്നതിന് പണം വകയിരുത്തിയത്.