പനയംപാടം അപകടവളവിലെ പുനർനിർമാണം: എംപി ശാശ്വതപരിഹാരത്തിന് നിർദേശംനൽകി
1548813
Thursday, May 8, 2025 2:01 AM IST
കല്ലടിക്കോട്: ദേശീയപാതയിലെ പനയംപാടം അപകടവളവിലെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച എംപി ശാശ്വതപരിഹാരം കാണണമെന്ന് ഊരാളുങ്കൽ അധികാരികൾക്ക് നിർദേശം നൽകി.
നിർമാണത്തിലെ അപാകതമൂലം നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ച 1.35 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന നിർമാണപ്രവൃത്തികൾ പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് നിലവിലെ അപാകതകൾ പരിഹരിക്കുകയുംഅപകടമുണ്ടാവാത്ത വിധം ശാശ്വതപരിഹാരം കാണണമെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
ദുബായ്കുന്നു മുതൽ നിരവധി ഇടവഴികളിൽ നിന്നുള്ള വെള്ളം കുത്തനെ ഇറക്കമുള്ള റോഡിലേക്ക് പരന്ന് ഒഴുകി അപകടങ്ങൾ വർധിക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകിപോകുന്നതിന് ആവശ്യമായ ചാലുകൾ നിർമിക്കുക. റോഡിന്റെ ചെരിവ് നിരപ്പാക്കുക, റോഡിന്റെ ഉപരിതലം റീടാർ ചെയ്യുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം നൽകി. യുഡിഎഫ് നേതാക്കളായ ആന്റണി മതിപ്പുറം, യൂസഫ് പാലക്കൽ, എം.കെ. മുഹമ്മദ് ഇബ്രാഹിം, വി.കെ. ഷൈജു, കെ. ചന്ദ്രൻ, സി.എം. നൗഷാദ്, മാത്യു കല്ലടിക്കോട്, മുഹമ്മദ് അസ് ലം, മുഹമ്മദ് നവാസ് തുടങ്ങിയവരും എംപി യോടൊപ്പം ഉണ്ടായിരുന്നു.