മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി സുവർണജൂബിലി ആഘോഷസമാപനം
1548812
Thursday, May 8, 2025 2:01 AM IST
മണ്ണാർക്കാട്: പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന പള്ളി സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം വർണാഭമാക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഒന്നാംതിയതി കൊടിയേറ്റ് നടത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി.
രണ്ടിന് അൾത്താരസംഘം സംഗമം, മൂന്നിന് കെസിവൈഎം യുവജനസംഗമം, ആനിമേറ്റേഴ്സ് മീറ്റ്, നാലിന് ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം, അഞ്ചിന് മതാധ്യാപക സംഗമം, കൈക്കാരന്മാരുടെ സംഗമം, ആറിന് കത്തോലിക്ക കോൺഗ്രസ് മാതൃവേദി സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റി സംഗമം എന്നിവ നടന്നു.
ഇന്ന് വൈകുന്നേരം 4.30ന് ചെറുപുഷ്പ മിഷൻ ലീഗ് തിരുബാലസഖ്യസംഗമം നടക്കും. ഫാ. ജോർജ് തെരുവൻകുന്നേൽ കാർമികത്വം വഹിക്കും. ഫാ. ജോജി വാവോലിൽ, ഫാ. ബിനു പൈനുങ്കൽ, ഫാ. സെബാസ്റ്റ്യൻ കക്കാട്ടിക്കാലയിൽ, ഫാ. ബിനു വടക്കേൽ എന്നിവർ സഹകാർമികത്വം വഹിക്കും.
തുടർന്ന് രൂപം എഴുന്നള്ളിച്ച് വെക്കൽ. രാത്രി ഏഴിന് നാടകം. ഒന്പതിന് വൈകുന്നേരം 4.30ന് സമർപ്പിതസംഗമം നടക്കും. സിഎംഐ ജൂബിലേറിയൻ ഫാ. ജോൺസൺ വലിയകുളം കാർമികത്വം വഹിക്കും. ഫാ. സിബിൽ കരുത്തി സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന്, ഇടവകദിന കലാവിരുന്ന് എന്നിവ നടക്കും.
10ന് രാവിലെ ഏഴിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, വൈകുന്നേരം 4.45 ന് ലദീഞ്ഞ്, മണ്ണാർക്കാട് ടൗൺ കുരിശുപള്ളിയിൽ നിന്ന് പ്രദക്ഷിണം, ഏഴിന് കുരിശിന്റെ ആശീർവാദം തുടർന്ന് വാദ്യമേളങ്ങൾ, ആകാശ വിസ്മയം എന്നിവയുണ്ടാവും. രാത്രി എട്ടിന് മാജിക് ഷോ.
സമാപന ദിവസമായ 11 ന് ഉച്ചയ്ക്കുശേഷം 2.15ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന് സ്വീകരണം നൽകും. ആഘോഷമായ സുവർണജൂബിലി കുർബാന, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവയുണ്ടാവും.
ഇടവക വികാരി ഫാ. രാജു പുളിക്കത്താഴെ, അസിസ്റ്റന്റ് വികാരി ഫാ. അരുൺ വാളിപ്ലാക്കൽ, ജനറൽ കൺവീനർ ജോസ് വാകശേരി, കൈക്കാരൻ ജോൺ ജേക്കബ് ഇരട്ടെപറമ്പിൽ, ജോയിന്റ് കൺവീനർ സിജു കൊച്ചത്തിപറമ്പിൽ, പബ്ലിസിറ്റി കൺവീനർ ജയ്മോൻ കോമ്പേരിൽ, പബ്ലിസിറ്റി ജോയിന്റ് കൺവീനർ ജോഷി പള്ളിനീരായ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.