വികസനപദ്ധതികൾ സമയബന്ധിതമാക്കുന്ന തീരുമാനങ്ങളുമായി മേഖലാ അവലോകനയോഗം
1549060
Friday, May 9, 2025 1:40 AM IST
പാലക്കാട്: തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് ഗതിവേഗം പകർന്ന് സമയബന്ധിതമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പാലക്കാട് നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവിൽ പുരോഗമിക്കുന്ന വികസനക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്.
ജില്ലയിലെ 19 പ്രധാനപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. ജില്ലയിൽ പട്ടാന്പി, തൃത്താല നിയോജകമണ്ഡലത്തിലെ കൃഷിക്കാർക്ക് സൗകര്യപ്രദമായ പട്ടാന്പി തടയണ നിർമാണം നവംബർ മാസത്തോടെ പൂർത്തീകരിക്കും. ഭാരതപ്പുഴയിൽ 32.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിയുടെ 80 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്.
ഇടതു വലതു കരയിലുള്ള റീറ്റെയ്നിംഗ് വാളിന്റെ നിർമാണവും ബ്ലോക്ക് അപ്രോണ്ന്റ്െ നിർമാണവും പുരോഗമിക്കുന്നു. കുറ്റിപ്പുറം-തൃത്താല-പട്ടാന്പി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന് ജോയിന്റ് ഇൻസ്പെക്ഷൻ ഈ മാസം നടത്താനും യോഗത്തിൽ തീരുമാനമായി. ഭൂമി ഏറ്റെടുക്കലുമായി അലൈൻമെന്റ് കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്.
കൂമൻതോട് ഭാഗത്ത് സംരക്ഷണഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് അധികമായി വേണ്ടിവരുന്ന ഭൂമിയിൽകൂടി കല്ലിട്ട് ഉൾപ്പെടുത്തിയ സ്കെച്ച് 10നകം അന്തിമമായി തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കൂറ്റനാട് ടൗണ് നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന നടപടികളും വേഗത്തിലാക്കും.നാഗലശേരി, പട്ടിത്തറ വില്ലേജുകളിൽ നിന്നായി ഏകദേശം 35 സെന്റ് ഭൂമി ഏറ്റെടുക്കണം.
വാണിയംകുളം മായന്നൂർ റെയിൽവേ സ്റ്റേഷൻ റോഡ് പിഡബ്ല്യുഡി റോഡ് വിഭാഗം രണ്ടാം റീച്ച് പ്രവൃത്തിയിൽ പുതുക്കിയ സ്റ്റാറ്റസ് ഈ മാസം നൽകും.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ വിവിധ സർവേ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറോട് നിർദേശിച്ചു.സർവേജോലികൾക്ക് ആവശ്യമായ സർവേയർമാരെ വിന്യസിക്കാൻ പാലക്കാട് സർവേ ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി.കിഴക്കഞ്ചേരി 2 വില്ലേജിലെ യുടിടി കന്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയിലെ താമസക്കാർക്ക് നൽകാൻ തീരുമാനിച്ച പട്ടയം നൽകുന്നതിനായി ഡിജിറ്റൽ സർവേ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഷൊർണൂരിൽ ബഹുനില വ്യവസായ സമുച്ചയമായ ഗാല പദ്ധതി ആരംഭിക്കുന്നതിന് വ്യവസായ സ്റ്റേറ്റിന്റെ ഡിസൈൻ, ഡ്രോയിംഗ് എന്നിവ എത്രയും പെട്ടെന്ന് കിറ്റ്കോ തയ്യാറാക്കി നൽകും. ഒറ്റപ്പാലം കോടതി സമുച്ചയ നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നബാർഡുമായി ചർച്ച ചെയ്യാൻ യോഗത്തിൽ തീരുമാനമായി. പട്ടാന്പി റവന്യൂ ടവർ നിർമിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമായതിനാൽ ടെൻഡർ നടപടികൾ ഉടൻ സ്വീകരിക്കും.
പാപ്കോസ് ആധുനിക റൈസ് മിൽ കണ്ണന്പ്ര പദ്ധതി പ്രദേശത്തിലേക്കുള്ള വഴിയും ആർഐഡിഎഫ് വായ്പയും ലഭ്യമാക്കുന്ന വിഷയം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പട്ടികവർഗ വികസന ഓഫീസിന് കീഴിൽ വരുന്ന മലന്പുഴ ആശ്രമം സ്കൂളിന് കളിസ്ഥലം ലഭ്യമാക്കുന്നതിന് എൻഒസി നൽകാനും യോഗത്തിൽ തീരുമാനമായി.