കർഷകർക്ക് ആധുനിക വിത്തുകളുമായി പട്ടാമ്പി കാർഷികഗവേഷണ കേന്ദ്രം
1548504
Wednesday, May 7, 2025 1:19 AM IST
ഷൊർണൂർ: കർഷകർക്ക് ആധുനിക മാതൃകയിലുള്ള വിത്തുകൾ തയാറാക്കി. രോഗപ്രതിരോധശേഷി ഏറിയതും അത്യുത്പാദനശേഷിയുള്ളതുമായ പച്ചക്കറി വിത്തുകളാണ് കർഷകർക്കുവേണ്ടി പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം തയാറാക്കിയത്.
വിത്തുകളും തൈകളും പട്ടാമ്പി- പാലക്കാട് പാതയോരത്തുള്ള കാർഷിക ഗവേഷണകേന്ദ്രം വിപണനകേന്ദ്രത്തിൽ തയാറായിക്കഴിഞ്ഞു.
പ്രവൃത്തിദിവസങ്ങളിൽ ആവശ്യക്കാർക്കു ഇവ നേരിൽവാങ്ങാം. ചീര (അരുൺ), വെള്ളരി (സൗഭാഗ്യ), തണ്ണിമത്തൻ (ഷുഗർ ബേബി), കുമ്പളം (താര), വെണ്ട (അർക്ക അനാമിക), പടവലം (മനുശ്രീ), മത്തൻ (അമ്പിളി), പയർ (ദീപിക), പാവൽ (പ്രീതി) തുടങ്ങിയവയുടെ വിത്തുകളാണ് നൽകുന്നത്. ഫെബ്രുവരി, മാർച്ച് മാസത്തിലാണ് വിത്തുകൾക്കായി പച്ചക്കറികൃഷി തുടങ്ങിയത്.
വിത്തുകളുടെ അങ്കുരണ (മുളയ്ക്കൽ) ശേഷി പരിശോധിച്ച ശേഷമാണ് വിതരണത്തിനായി വിപണന കേന്ദ്രത്തിൽ എത്തിക്കുക. വഴുതന, മുളക്, തക്കാളി എന്നിവയുടെ തൈകൾ ഒന്നിന് 10 രൂപ നിരക്കിൽ കർഷകർക്ക് നൽകുന്നുണ്ട്. പയർ, ചീര, പാവൽ, വെള്ളരി, പടവലം എന്നിവ ട്രേയിലാക്കി ഒരു ചെടിക്ക് രണ്ടുരൂപ നിരക്കിൽ വില്പനക്കുണ്ട്.
ആതിര എന്ന ഇനം ഇഞ്ചിയുടെ ചെറിയ തൈകളും മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന മികച്ച മോഹിത് നഗർ കവുങ്ങിൽ തൈകളും മേയ്, ജൂൺ മാസങ്ങളിൽ വില്പനക്ക് തയാറാക്കുന്നുണ്ട്.
മികച്ച കുരുമുളക് ഇനങ്ങളായ പന്നിയൂർ വൺ, കരിമുണ്ട തുടങ്ങിയവയുടെ തൈകളും മേയ് രണ്ടാംവാരത്തിൽ നൽകാനാവും. നാടൻ തെങ്ങിൻ തൈകളും അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളും താമസിയാതെ വില്പനക്കെത്തും. ഇതിന് പുറമേ ജൈവവളങ്ങളും കുമിൾ നാശിനികളും ഇവിടെ വില്പനക്കുണ്ട്.
ഇപ്പോൾ നാലുകോടി രൂപ ചെലവിൽ കാർഷികഗവേഷണ കേന്ദ്രത്തിൽ ഒരു കൂറ്റൻ ജലസംഭരണിയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇത് അടുത്തവർഷം കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ. അങ്ങനെവന്നാൽ ഉണക്കഭീഷണിയില്ലാതെ കൂടുതൽസ്ഥലത്ത് മൂന്നാംവിളയായി പച്ചക്കറി വിത്തുകൾക്കായി കൃഷി ചെയ്യാനാവും.