കുടിവെള്ളത്തിനു നെട്ടോട്ടമോടി വരോട് സ്വദേശികൾ; അധികൃതർക്കു മൗനം
1548501
Wednesday, May 7, 2025 1:19 AM IST
ഒറ്റപ്പാലം: വരോട് സ്വദേശികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. അധികൃതർക്കു മൗനം. ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന പ്രദേശമാണ് വരോട്.
രൂക്ഷമായ വരൾച്ചയുടെ പിടിയിലമർന്ന പ്രദേശത്ത് കുടിവെള്ളത്തിനുവേണ്ടി ജനങ്ങൾ പരക്കംപായുകയാണ്.
വരോട് പ്രദേശത്തെ വിവിധ വാർഡുകളിൽ ആയിരത്തോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിൽ കഴിയുന്നത്. നാലുവാർഡുകളിലാണ് ഏറ്റവുമധികം ജലക്ഷാമമുള്ളത്. രൂക്ഷമായ കുടിവെള്ളക്ഷാമത്തെത്തുടർന്ന് വാർഡ് കൗൺസിലർമാരും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും വെള്ളക്കുടവുമായി കഴിഞ്ഞദിവസം ജലഅഥോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണ വെള്ളത്തിനുവേണ്ടി പ്രതിഷേധമുയർന്നിരുന്നു. വരോട്, നാലാംമൈൽ, വീട്ടാമ്പാറ, പടിഞ്ഞാറ്റുമുറി, കോലോത്തുകുന്ന്, ചാത്തൻ കണ്ടാർക്കാവ് പ്രദേശങ്ങളിലാണ് കുടിവെള്ളമെത്താത്തത്. മാസങ്ങളായി ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് നവീകരണം നടക്കുന്നുണ്ട്.
റോഡുപണിക്കിടെ പ്രധാന പൈപ്പുലൈനിലുണ്ടായ പൊട്ടലാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. റോഡുനിർമാണത്തിന്റെ ചുമതലയുള്ള കെആർഎഫ്ബി ചെയ്യേണ്ട ചില പ്രധാനപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കിയാലേ പൈപ്പ്ലൈനിലെ തകരാർ പരിഹരിക്കാനാകൂ എന്നതായിരുന്നു ജലഅഥോറിറ്റിയുടെ നിലപാട്.
എന്നാൽ ഇതുഅംഗീകരിക്കാനാകില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നിവേദനവും നൽകിയിരുന്നു.