അത്യപൂർവ വെള്ളഞാവൽ മുതലമടയിലും വിളയും
1548803
Thursday, May 8, 2025 2:01 AM IST
മുതലമട: മുൻകാലങ്ങളിൽ അമ്പലങ്ങളിലും കാവുകളിലുംമാത്രം കാണപ്പെട്ടിരുന്നതും പിന്നീട് പുതുതലമുറക്ക് അജ്ഞാതവുമായ വെള്ളഞാവൽപഴം വിളയിച്ചതു കൗതുകമായി.
സമ്മിശ്ര കൃഷിരീതി അവലംബിക്കുന്ന ഒന്നൂർപള്ളത്തെ കർഷകൻ സുരേഷിന്റെ തോട്ടത്തിലാണ് വെള്ളഞാവൽ വിളഞ്ഞത്. രണ്ടുവർഷംമുൻപ് കോയമ്പത്തൂരിൽനടന്ന അഗ്രിക്കൾച്ചറൽ എക്സിബിഷനിൽ നിന്നുമാണ് വെള്ളഞാവൽചെടി എത്തിച്ച് തോപ്പിൽ നട്ടുപിടിപ്പിച്ചത്.
ഞാവൽപ്പഴത്തിന്റെ ഹൈബ്രിഡ് ഇനമാണ് വെള്ളഞാവൽ. സ്ഥലപരിമിതിയുണ്ടെങ്കിൽ വീടിനുമുന്നിൽ മൺച്ചട്ടികളിലും വളർത്താനാവുമെന്നു സുരേഷ് പറഞ്ഞു.
രണ്ടുവർഷത്തിനകം കായ്ഫലം ലഭിക്കുന്ന പഴവർഗത്തിന്റെ ഉൾവശം ചെറിയ കുരുവും ചുറ്റും മാംസളമായ മധുരഭാഗവുമാണ്.
പോഷകമൂല്യമുള്ള ഈ ഫലവർഗം വാണിജ്യാടിസ്ഥാനത്തിൽ സംസ്ഥാനത്തു കൃഷിചെയ്യുന്നുമില്ല. എന്നാൽ വടക്കേഇന്ത്യയിൽ ഈ പഴവർഗം പ്രിയങ്കരിയാണ്. പ്രമേഹം, വിളർച്ച, അതിസാരം എന്നിവക്ക് വെള്ളഞാവൽ ഉപയോഗം ഗുണകരമെന്നും പഴമക്കാർ വിലയിരുത്തുന്നു.