"ലക്കിടിയിൽ മേൽപ്പാലം നിർമിക്കണം'
1548807
Thursday, May 8, 2025 2:01 AM IST
ഒറ്റപ്പാലം: ലക്കിടി റെയിൽവേഗേറ്റ് തുടർച്ചയായി പണിമുടക്കുമ്പോഴും ബദൽമാർഗങ്ങൾ ഇപ്പോഴും അകലെ. റെയിൽവേഗേറ്റ് മാറ്റി പ്രദേശത്ത് മേൽപ്പാലം നിർമിക്കാനുള്ള പദ്ധതിയും സ്തംഭനാവസ്ഥയിലാണ്.
കഴിഞ്ഞദിവസവും ഗേറ്റ് സിഗ്നൽതകരാറിൽ തുറക്കാനുംഅടക്കാനും കഴിയാത്ത നിലയിലായിരുന്നു. ഇടിമിന്നലിൽ സിഗ്നൽ സംവിധാനം നശിക്കുകയായിരുന്നു.
ഇതോടെ ഒറ്റപ്പാലം- പാമ്പാടി- തിരുവില്വാമല പാതയിലൂടെ ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. ട്രെയിനുകളെ ഗേറ്റ് തകരാർ ബാധിച്ചില്ല. വേഗതകുറച്ച് യാത്രതുടർന്നു.
ഗേറ്റ് തകരാർ അറിയാതെയെത്തിയ നിരവധിപ്പേർ ഗേറ്റിലെത്തി മടങ്ങേണ്ടിവന്നു. ഐവർമഠം ശ്മശാനത്തിലേക്കു സംസ്കാരച്ചടങ്ങിനെത്തിയവരും വഴിയിൽകുടുങ്ങി.
ഒറ്റപ്പാലം- പാമ്പാടി പാതയിലെ ലക്കിടി റെയിൽവേഗേറ്റ് തകരാറിലാവുന്നതു പതിവാവുകയാണ്. അടിയന്തിര ചികിത്സയ്ക്കായി തൃശൂരിലേയ്ക്കു പോകുന്ന പലരോഗികളും തെരഞ്ഞെടുക്കുന്നത് ലക്കിടി ഗേറ്റ് വഴിയുള്ള യാത്രയാണ്. എന്നാൽ പലപ്പോഴും റെയിൽവേ ഗേറ്റ് പണിമുടക്കുന്നതുമൂലം എല്ലാവരും വലയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇതിനു പരിഹാരം കാണണമെങ്കിൽ റെയിൽവേ ഗേറ്റിനു പകരം റെയിൽവേ മേൽപ്പാലം നിർമിക്കുക മാത്രമാണ് ഉപാധി. ഇതിനു പദ്ധതിയും തയാറാക്കിയിരുന്നു. എന്നാൽ തുടർനടപടികൾ ചലനമറ്റു കിടക്കുകയാണ്.