ശിരുവാണിഡാം അറ്റകുറ്റപ്പണികൾക്ക് 10 കോടി അനുവദിച്ച് കോർപറേഷന്
1548811
Thursday, May 8, 2025 2:01 AM IST
കോയമ്പത്തൂർ: നഗരത്തിലെ പ്രധാന ജലസ്രോതസായ ശിരുവാണി അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് 10 കോടി അനുവദിച്ച് കോയന്പത്തൂർ കോർപറേഷൻ.
കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന 50 അടി ഉയരമുള്ള ശിരുവാണി അണക്കെട്ടാണ് കോയമ്പത്തൂരിലെ 100 വാർഡുകളിൽ 22 എണ്ണത്തിനും 28 ഗ്രാമങ്ങൾക്കും ഏഴു ടൗൺ പഞ്ചായത്തുകൾക്കും കുടിവെള്ളത്തിന്റെ സ്രോതസ്. തമിഴ്നാടിനാണ് ഡാമിന്റെ പരിപാലന ചുമതല. അണക്കെട്ടിലെ ജലച്ചോർച്ച കാരണം വൻതോതിൽ ജലനിരപ്പു കുറയുന്നതായി തമിഴ്നാട് അധികൃതർ കണ്ടെത്തിയിരുന്നു.
നവീകരണം നടത്തി ജലനിരപ്പ് കൃത്യമായി നിലനിർത്താനാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ ഐഐടി, തമിഴ്നാട് വാട്ടർസപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ്, കോയന്പത്തൂർ കോർപറേഷൻ, കേരള ജലവിഭവ വകുപ്പ് എന്നിവയുടെ വിദഗ്ധ സംഘങ്ങൾ ശിരുവാണി അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.