കാട്ടാനക്കലിയടങ്ങാതെ കരിമ്പാറ കൽച്ചാടി മേഖല
1549071
Friday, May 9, 2025 1:40 AM IST
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കരിമ്പാറ, കൽച്ചാടി മേഖലയിൽ തുടർച്ചയായ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശവും സ്വൈര്യജീവിതത്തിന് തടസവും ഉണ്ടാക്കുന്നു. കഴിഞ്ഞരാത്രിയിൽ മരുതംചേരി യു. ഷാജഹാന്റെ ചള്ളയിലുള്ള കൃഷിയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം എട്ടു തെങ്ങുകളും നിരവധി ഫലവൃക്ഷങ്ങൾ, കമ്പിവേലി, വേലിക്കാലുകൾ തുടങ്ങിയവ നശിപ്പിച്ചു.
സമീപത്തെ കർഷകരായ പൂഞ്ചേരികളം ചെന്താമരാക്ഷൻ (കുഞ്ഞൻ), കല്യാണക്കണ്ടം കെ. ബാലചന്ദ്രൻ, വീപ്പനാടൻ ജോർജ് തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലൂടെ നടന്ന കാട്ടാനക്കൂട്ടം വാഴ, ഫലവൃക്ഷങ്ങൾ, കുരുമുളക് താങ്ങുമരങ്ങൾ, ഈറമ്പന എന്നിവ നശിപ്പിച്ച് വ്യാപകനാശം ഉണ്ടാക്കി. കഴിഞ്ഞ രണ്ടുമാസമായി തുടർച്ചയായി ഈ മേഖലകളിൽ കാട്ടാനകൾഎത്തി സ്ഥിരമായി കൃഷിനാശം വരുത്തുന്നത് പതിവായി. കാട്ടാനകളെ പേടിച്ച് മേഖലയിലെ പല വീടുകളിൽ നിന്നും ആളുകൾ താമസംമാറി തുടങ്ങി.
നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി വനംറേഞ്ചിൽപ്പെട്ട തിരുവഴിയാട് സെക്ഷനിൽ ഉൾപ്പെടുന്ന പ്രദേശമാണ് സ്ഥിരമായി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്ന ഇവിടം.
ചൊവ്വാഴ്ച വൈകുന്നേരംതന്നെ വനമേഖലയോട് ചേർന്ന് കാട്ടാനകളുടെ സാന്നിധ്യം അറിഞ്ഞ പ്രദേശവാസികൾ വനംഅധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് വാച്ചർമാരായ ബാലൻ, റഷീദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി രാത്രി 7 നു തുടങ്ങി 9 വരെ പടക്കം പൊട്ടിച്ച് ആനയെ പ്രതിരോധിച്ചിരുന്നു. എന്നാൽ അർധരാത്രിയോടെ കാട്ടാനക്കൂട്ടം ചള്ള ഭാഗത്ത്കൂടെ കൃഷിയിടങ്ങളിലേക്ക് വീണ്ടും എത്തിയാണ് നാശം ഉണ്ടാക്കിയത്.
ബുധനാഴ്ച രാവിലെ കൃഷിയിടങ്ങളിൽ നിന്നും മടങ്ങിയ കാട്ടാനക്കൂട്ടം കൽച്ചാടി ഒലിപ്പാറ ബ്രാഞ്ച് കനാലിന് സമീപമുള്ള ഈറമ്പനകളും റോഡിലേക്ക് തള്ളിയിട്ട് തിന്നുനശിപ്പിച്ചിട്ടുണ്ട്. രാവിലെ ആറരയോടെ കനാൽ ബണ്ട് റോഡിലൂടെ വരികയായിരുന്ന കൽച്ചാടി നഗറിലെ ആദിവാസി യുവാവ് മമ്മുവിനെ കാട്ടാനകൾ ഓടിച്ചു.
സമീപത്തെ കൃഷിയിടങ്ങളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. കഴിഞ്ഞദിവസം കൽച്ചാടി മേഖലയിൽ റബർ ടാപ്പിംഗിന് പോയ തൊഴിലാളികളായ മോളത്ത് എൽദോസ്, ഭാര്യ സൂസി എന്നിവരെയും കാട്ടാനകൾ ഏറെ ദൂരം തുരത്തി ഓടിച്ചിരുന്നു. ഇരുവരും മറ്റു തോട്ടങ്ങളിലൂടെ ഓടി ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
രാവിലെ പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വാച്ചർമാർ സ്ഥലത്്എത്തി പടക്കം പൊട്ടിച്ച് കാട്ടാനയെ വനമേഖലയിലേക്ക് തുരത്തി.
സൗരോർജ തൂക്കുവേലി
നിർമാണം ആരംഭിച്ചില്ല
നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകളിൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തുന്നത് തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രണ്ടുകോടി 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 27 കിലോമീറ്റർ ദൂരം കൃഷിവകുപ്പ് മുഖേന പ്രഖ്യാപിച്ച സൗരോർജ തൂക്കുവേലിയുടെ നിർമാണം മേഖലയിൽ ആരംഭിച്ചില്ല. തൂക്കുവേലി നിർമാണത്തിനായുള്ള സാമഗ്രികൾ തിരുവഴിയാട് സെക്ഷനിലെ കരിങ്കുളത്ത് എത്തിച്ചിട്ട് മാസങ്ങളായെങ്കിലും തൂക്കുവേലിയുടെ നിർമാണം ആരംഭിച്ചിട്ടില്ല.
കരാർ ലഭിച്ചവർ കൊല്ലങ്കോട് വനം റേഞ്ചിൽപെട്ട സ്ഥലത്ത് നിർമാണം നടത്തുകയാണ് എന്നും അത്കഴിഞ്ഞാൽ ഉടൻ ആരംഭിക്കുമെന്നും പറയുന്നു. മേഖലയിലെ സൗരോർജവേലികൾ പ്രവർത്തിക്കാത്തത് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ വരുന്നതിന് സഹായമായി. നിലയിൽ മലയോര മേഖലയോട് ചേർന്നുള്ള കരിമ്പാറ, കൽച്ചാടി, നിരങ്ങാൻപാറ, ചള്ള, പൂഞ്ചേരി പ്രദേശങ്ങളിലെ സൗരോർജവേലിയുടെ പ്രവർത്തനവും കാര്യക്ഷമമല്ല. മിക്ക സ്ഥലങ്ങളിലും വേലി കാട്ടാന ഉൾപ്പെടെയുള്ളവ ചവിട്ടി നശിപ്പിച്ചിരിക്കുകയാണ്.
ചില സ്ഥലങ്ങളിൽ കാടുകയറി നശിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതവേലി പരിപാലനത്തിന് വനംവകുപ്പ് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും പരിപാലനത്തിന് ജീവനക്കാരില്ലാത്തതും മേഖലയിലെ വേലികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതാകാൻ കാരണമായതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. വനംവകുപ്പ് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഒലിപ്പാറ, നേർച്ചപ്പാറ, ഓവുപാറ മേഖലകളിൽ കുറച്ചുസ്ഥലത്ത് സൗരോർജ തൂക്കുവേലി നിർമിച്ചതിനാൽ ഇവ ഇല്ലാത്ത ഭാഗങ്ങളിലേക്ക് മുഴുവൻ വന്യജീവികളും എത്താൻ വഴിയൊരുക്കി.
സൗരോർജതൂക്കുവേലി നിർമാണം ആരംഭിച്ചതായി നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷെരീഫ് അറിയിച്ചു. മൂന്നു പഞ്ചായത്തുകളിലായി നടത്തുന്ന തൂക്കുവേലി നിർമാണം പോത്തുണ്ടി സെക്ഷനു കീഴിൽ കഴിഞ്ഞ ദിവസങ്ങളിലായി ആരംഭിച്ചതായും 300 മീറ്ററോളം ദൂരം തൂക്കുവേലിക്കുള്ള തൂണുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നുണ്ടെന്നും പറഞ്ഞു. നിലവിലുള്ള സൗരോർജവേലി അറ്റകുറ്റപ്പണികളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൽച്ചാടി മേഖലയിൽ എത്തുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റിവിടുന്നുണ്ടെന്നും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ പ്രദേശത്ത് ഒരുക്കുമെന്നും അറിയിച്ചു.
ദ്രുതപ്രതികരണസേനയുടെ
സേവനം പ്രഖ്യാപനത്തിൽ മാത്രം
നെന്മാറ വനം ഡിവിഷനിൽ രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച ദ്രുത പ്രതികരണ സേന (ആർആർടി) രൂപീകരണം പ്രഖ്യാപനത്തിൽ ഒതുങ്ങി. ഡിവിഷനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചാണ് നെന്മാറ കേന്ദ്രമായി ആർആർടി യുടെ പ്രവർത്തനം ആരംഭിക്കാൻ ഉത്തരവായത്. സ്ഥിരം ജീവനക്കാരെ നിയമിക്കാത്തത് ആർആർടി സേവനം ആരംഭിക്കുന്നതിന് തടസമായി. നെന്മാറ എംഎൽഎ, ആലത്തൂർ എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും ആർആർടികൾക്ക് പ്രത്യേക വാഹനങ്ങൾ നൽകിയെങ്കിലും ഇരുവാഹനങ്ങളും കൊല്ലങ്കോട്, ലത്തൂർ വനംറേഞ്ചുകളിലെ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി.
വനംവകുപ്പിന്റെ ആയുധം
ഇപ്പോഴും പടക്കം
വിവിധ വന്യജീവികളുടെ ഭീഷണിമൂലം പുറത്തിറങ്ങാൻ കഴിയാതെ വനംവകുപ്പിന് വിവരം അറിയിച്ചാൽ വാച്ചർമാർ സ്ഥലത്തെത്തി പടക്കങ്ങൾ പൊട്ടിച്ച് ശബ്ദമുണ്ടാക്കി ജനങ്ങളെ സമാധാനിപ്പിച്ച് മടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുമുള്ളത്. കൃഷിനാശം വരുത്തി പകൽ മടങ്ങുന്ന കാട്ടാനക്കൂട്ടം ഉൾപ്പെടെയുള്ളവരുടെ പിന്നാലെ അല്പസമയം നടന്ന് പടക്കം പൊട്ടിച്ച് വനത്തിലേക്ക് കയറ്റി അയച്ചു എന്ന സ്ഥിരം മറുപടിയിൽ ജനങ്ങളെ സമാധാനിപ്പിക്കുകയാണ് സ്ഥിരം വനംവകുപ്പിന്റെ സ്ഥിരം പരിപാടിയെന്ന് പ്രദേശവാസികൾ ആരോപിച്ചു. ആന, പുലി, കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവ വ്യാപകമായി കൃഷിനാശം വരുത്തുമ്പോൾ കർഷകന് നോക്കിനിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ.