കുഞ്ചൻദിനാഘോഷം പ്രഹസനമായി
1548222
Tuesday, May 6, 2025 1:44 AM IST
ഒറ്റപ്പാലം: കുഞ്ചൻദിനാഘോഷം വഴിപാട് ഒരുക്കലായി. ഈ വർഷത്തെ കുഞ്ചൻനമ്പ്യാർ ദിനമാണ് സ്മാരക ഭരണസമിതിയുടെ നിഷ്ക്രിയത്വം മൂലം വഴിപാട് ചടങ്ങായി മാറിയത്. എല്ലാവർഷവും മേയ് അഞ്ചിനാണ് കുഞ്ചൻദിനം ആഘോഷിക്കുന്നത്. മുൻകാലങ്ങളിൽ വിപുലമായ പരിപാടികളോടെ കുഞ്ചൻദിനം ആഘോഷിച്ചുവന്നിരുന്നു. ജനപ്രതിനിധികളും സാഹിത്യകാരന്മാരും കവികളും പങ്കെടുക്കുന്ന വിപുലമായ പരിപാടികളോടുകൂടിയായിരുന്നു കുഞ്ചൻദിനം ആഘോഷിച്ചുവന്നിരുന്നത്. എന്നാൽ ഇത്തവണ എടുത്തുപറയാൻ കഴിയാവുന്ന ഒന്നുമില്ലാതെയായിരുന്നു ആഘോഷം.
ജില്ലയിലെ ഏറ്റവുംവലിയ സാംസ്കാരികസ്ഥാപനമായ കലക്കത്ത്ഭവനം ദേശീയ സ്മാരകമാണ്. പാലക്കാട് ജില്ലയിൽ നിന്നുതന്നെ രണ്ട് മന്ത്രിമാർ ഉണ്ടായിരുന്നിട്ടുകൂടി ഇവരെ ആരേയും ആഘോഷ പരിപാടികളിൽ പങ്കെടുപ്പിക്കാൻ അധികൃതർക്ക് സാധിച്ചില്ല. എഴുത്താണി എഴുന്നള്ളിപ്പ്, പ്രാദേശിക കവികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കവിസമ്മേളനം, അക്ഷരശ്ലോകസദസ്, കുഞ്ചൻ അവാർഡ് ജേതാവിന്റെ തുള്ളൽ, ഭരതനാട്യം അരങ്ങേറ്റം എന്നിവ മാത്രമായിരുന്നു ആഘോഷ പരിപാടികൾ. സ്ഥലം എംഎൽഎ കെ. പ്രേംകുമാർ മാത്രമായിരുന്നു വിശിഷ്ടാതിഥി.
മുൻകാലങ്ങളിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കുഞ്ചൻദിനാഘോഷ ചടങ്ങുകൾ വിപുലമായി നടന്നുവന്നിരുന്നു. കാലാകാലങ്ങളിൽ സ്മാരകത്തിന്റെ ഭരണചുമതലയിൽ അധികാരത്തിൽ വരുന്ന ഭരണസമിതികൾ എടുക്കുന്ന തീരുമാനമാണ് കുഞ്ചൻദിനം ശോഷിച്ചു പോകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് കുഞ്ചൻനമ്പ്യാർ സ്മാരകത്തെ പുറകോട്ട് അടിപ്പിക്കുന്നത് എന്നാണ് ഭരണസമിതി നൽകുന്ന വിശദീകരണം. എന്നാൽ എല്ലാവർഷവും ദിനാഘോഷത്തിന് സർക്കാർ പ്രത്യേകഫണ്ട് അനുവദിക്കാറുണ്ട്. വഴിപാട്ഒരുക്കി കുഞ്ചൻദിനാഘോഷ ചടങ്ങുകൾ അവസാനിപ്പിക്കാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം.
വിശ്വമഹാകവി കുഞ്ചൻനമ്പ്യാർ ജനിച്ച കലക്കത്ത് ഭവനമാണ് കുഞ്ചൻനമ്പ്യാർ സ്മാരകമായി അറിയപ്പെടുന്നത്. ഇവിടെയാണ് എല്ലാവർഷവും കുഞ്ചൻ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.