സഹോദയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് : ചിന്മയ, സെന്റ് മേരീസ്, ശ്രീനാരായണഗുരു സ്കൂളുകൾ ചാമ്പ്യൻമാർ
1377550
Monday, December 11, 2023 1:31 AM IST
വടക്കഞ്ചേരി: ശോഭാ അക്കാദമിയിൽ നടന്ന ജില്ലാ സഹോദയ രണ്ടാം മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 16 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ തത്തമംഗലം ചിന്മയ സ്കൂൾ ഒന്നാം സ്ഥാനവും സെന്റ് മേരീസ് സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 19 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ കൊല്ലങ്കോട് ശ്രീനാരായണഗുരു പബ്ലിക് സ്കൂൾ വിജയികളായി.
പല്ലാവൂർ ചിന്മയ സ്കൂൾ രണ്ടാം സ്ഥാനക്കാരായി. പതിനാറ് വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ അദ്വൈതിനെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾ കീപ്പർ ട്രോഫിയും ഇതേ സ്കൂളിലെ ആര്യൻ ദാസ് എന്ന താരത്തിനാണ്.
19 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനുള്ള ട്രോഫി ശ്രീനാരായണ പബ്ലിക് സ്കൂളിലെ എം.മോഹിത് നേടിയപ്പോൾ മികച്ച ഗോൾകീപ്പറിനുള്ള ട്രോഫി പല്ലാവൂർ ചിന്മയ വിദ്യാലയത്തിലെ ആദിശേഷനും സ്വന്തമാക്കി.
ഒമ്പത് സ്കൂളുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ ഐ.എം. വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സഹോദയ ഫുട്ബോൾ കമ്മിറ്റി കൺവീനറും സെന്റ് പോൾസ് സെന്റർ സ്കൂൾ പ്രിൻസിപ്പലുമായ സി.വി. പ്രേംജിത് അധ്യക്ഷത വഹിച്ചു.
ശോഭ അക്കാദമി പ്രിൻസിപ്പൽ എം.ആർ. മൃദുല, വൈസ് പ്രിൻസിപ്പൽ എസ്.സി. ദീപ എന്നിവർ പ്രസംഗിച്ചു.