ക്രിസ്മസ് വിപണി സജീവമാകുന്നു
1377548
Monday, December 11, 2023 1:31 AM IST
ജോജി തോമസ്
നെന്മാറ: ക്രിസ്മസ് ആഘോഷിക്കാൻ നക്ഷത്ര വിപണി സജീവമാകുന്നു. ക്രിസ്മസ് അലങ്കാരത്തിനുള്ള നക്ഷത്രങ്ങളും പുൽക്കൂട്ടിൽ വെക്കാനുള്ള വിവിധ രൂപങ്ങളും അലങ്കാരവസ്തുക്കളും വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു തുടങ്ങി.
വിപണിയിൽ ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടികളും വേഷങ്ങളും വില്പനയ്ക്ക് എത്തിയിട്ടുണ്ട്.
നിറത്തിലും രൂപത്തിലും കൗതുകമുണർത്തുന്ന സ്റ്റാറുകളാണ് വിപണിയുടെ പ്രത്യേകത. പന്തിന്റെ രൂപത്തിലുള്ള നക്ഷത്രങ്ങളും ധാരാളമായി പ്രദർശിപ്പിച്ചിട്ടുണ്ട്.
വിവിധ വലിപ്പത്തിലുള്ള ബഹുവർണ കടലാസ് നക്ഷത്രങ്ങളും തുണികൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളിൽ തിളങ്ങുന്ന ബെൽറ്റുകളും ആനക്കൂടകളിലേതുപോലുള്ള മുത്തുകളും സീക്വൻസുകളും തൂങ്ങുന്ന തരത്തിൽ പകൽസമയത്ത് ആകർഷിക്കുന്ന രീതിയിലുള്ള നക്ഷത്രങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്.
രാത്രി സമയങ്ങളിൽ ശ്രദ്ധയാകർഷിക്കുന്ന രീതിയിലുള്ള ബഹുവർണ എൽഇഡി ബൾബുകളുള്ള നക്ഷത്രങ്ങളും നക്ഷത്രങ്ങളിലെ ലൈറ്റുകളുടെ വേഗത കൂട്ടാനും കുറയ്ക്കാനും അതോടൊപ്പം ജിംഗിൾ ബെൽസ് സംഗീതം പൊഴിക്കുന്നവയും പുതുതായി വിപണിയിലെത്തിയിട്ടുണ്ട്.
കൂടാതെ റെഡിമെയ്ഡ് പുൽക്കൂട്, ക്രിസ്മസ് ട്രീ, പുൽക്കൂടിനകത്ത് സജ്ജീകരിക്കാനുള്ള തിരുപിറവിയുടെയും, ഉണ്ണിയേശുവിന്റേയും ഇടയന്മാരുടെയും രൂപങ്ങൾ, മണികൾ, സാന്താക്ലോസ് തൊപ്പികൾ തുടങ്ങിയവയും കടകളിൽ പ്രദർശിപ്പിച്ച് വിപണി ആകർഷകമാക്കുന്നുണ്ട് വ്യാപാരികൾ.
ഓരോ ഇനങ്ങളുടെയും വില വലുപ്പത്തിനും വർണത്തിനും അവയിൽ അടങ്ങിയിരിക്കുന്ന സംവിധാനങ്ങൾക്കും അനുസരിച്ചാണുള്ളത്. ക്രിസ്മസ് ആശംസകൾ നവ മാധ്യമങ്ങളിലേക്ക് മാറിയെങ്കിലും ക്രിസ്മസ് കാർഡുകളും കടകളിൽ ലഭ്യമാണ്.