വടക്കഞ്ചേരി ശിവരാമ പാർക്കിനു മുൻവശം വഴിയോര കച്ചവടക്കാർ കൈയേറി
1377547
Monday, December 11, 2023 1:31 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി സർക്കാർ ആശുപത്രിയുടെ കാര്യംപോലെയാണ് ടൗണിലെ ഏക ഉല്ലാസ കേന്ദ്രമായ ശിവരാമ പാർക്കിന്റെ സ്ഥിതിയും. നിന്നു തിരിയാൻ ഇടമില്ലാത്ത പാർക്കിനു മുന്നിൽ വഴിയോര കച്ചവടക്കാർ വാഹനങ്ങൾ നിരത്തിയിട്ട് കച്ചവടത്തിനിരിക്കുന്നതിനാൽ കുട്ടികളുമായി പാർക്കിലേക്ക് വരുന്നവർക്ക് വാഹനങ്ങൾ നിർത്താൻ സ്ഥലമില്ലാതായി.
വാഹനം മറ്റെവിടെയെങ്കിലും നിർത്തി ഓട്ടോ വിളിച്ച് വേണം കുട്ടികളുമായി വരുന്നവർക്ക് പാർക്കിലെത്താൻ. മെയിൻ റോഡിനഭിമുഖമായുള്ളപാർക്കിൽ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കുട്ടികളുമായി നിരവധി പേരാണ് എത്തുന്നത്.
ഇരുചക്രവാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് ഇവിടെ തട്ടുകടകളും പച്ചക്കറി കച്ചവട വാഹനങ്ങളും സ്ഥലം കൈയേറി സ്വന്തമാക്കുന്നത്. കച്ചവടം കഴിഞ്ഞ് മാലിന്യം തളളുന്നത് വഴിയിലും ഓടയിലുമാണ്. ബസുകളുടെ സ്റ്റാൻഡിലേക്കുള്ള പ്രവേശനത്തിനും അനധികൃത കച്ചവടവും പാർക്കിംഗും തടസമാകുന്നതായും പരാതികളുണ്ട്.
സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള വഴികൾ വൺവേയാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നുമില്ല. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1952ൽ പ്രസംഗിച്ച സ്ഥലം കൂടിയാണിത്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പാലക്കാട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ നെഹ്റു വിന്റെ സന്ദർശനമുണ്ടായത്. അദേഹത്തിന്റെ ഓർമയ്ക്കായി ശിവരാമ പാർക്കിലും നെഹ്റു സ്തൂപമുണ്ട്.
പൊന്തക്കാടായി കിടന്നിരുന്ന പാർക്ക് 2014ൽ നവീകരിച്ച് കുട്ടികൾക്ക് ഉല്ലാസത്തിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇത് ഇപ്പോഴും വലിയ പാളിച്ചകളില്ലാതെ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സ്ഥലപരിമിതി പാർക്കിനെ വീർപ്പുമുട്ടിക്കുകയാണ്. കഷ്ടി മുപ്പത് സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇത് പാർക്ക് എന്ന ലക്ഷ്യത്തിന് പര്യാപ്തമല്ല. ബസ് സ്റ്റാൻഡ് ഭാഗത്ത് ഇതിനോട് ചേർന്നുള്ള സ്ഥലം കൂടി പാർക്കിനായി പ്രയോജനപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടത്തണമെന്ന ആവശ്യവും ശക്തമായുണ്ട്.
എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ചിട്ടുള്ള ഒരു കോടി രൂപ പാർക്കിന്റെ വിസ്തൃതി കൂട്ടുന്നതിനു കൂടി വിനിയോഗിക്കണമെന്നാണ് ആവശ്യം.
എന്നാൽ മാത്രമെ ഇവിടെ എത്തുന്ന കുട്ടികളെ ഉൾക്കൊള്ളാൻ പാർക്കിനാകൂ. അല്ലെങ്കിൽ തിരിയാൻ ഇടമില്ലാത്ത വടക്കഞ്ചേരി സർക്കാർ ആശുപത്രിയിൽ ഇടക്കിടെയുള്ള കെട്ടിട നിർമാണം പോലെയാകും പാർക്ക് വികസനവും. ചികിത്സാ സൗകര്യങ്ങളൊന്നുമില്ലെങ്കിലും സർക്കാർ ആശുപത്രി കോമ്പൗണ്ട് നിറയെ ഇപ്പോൾ കെട്ടിട സമുച്ചയങ്ങളാണ്.