വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ ദുർഘട യാത്രയ്ക്ക് അറുതിയില്ല
1377231
Sunday, December 10, 2023 2:07 AM IST
വടക്കഞ്ചേരി: ഉയർന്ന നിരക്കിൽ ടോൾ കൊടുത്ത് യാത്ര ചെയ്യേണ്ട വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ അറ്റകുറ്റപണികൾക്ക് അവസാനമില്ല. വടക്കഞ്ചേരി മേൽപാലത്തിലെ ടാറിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്. 28 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ പല ഭാഗങ്ങളും പൊളിച്ച് റിപ്പയർ നടക്കുന്നതിനാൽ ഇക്കുറിയും ശബരിമല തീർഥാടകർക്ക് ദുരിതയാത്ര തന്നെയാണ്.
പേരിൽ മാത്രമാണ് ആറുവരി പാതയായുള്ളത്. ഏതു സമയവും അറ്റകുറ്റപണികൾ നടത്തുന്ന വടക്കഞ്ചേരിയിലേയും കുതിരാനിലേയും മേൽപ്പാലങ്ങളിൽ ഒരു വശത്തേക്കുള്ള മൂന്നു വരിയിൽ ഒരു വരിയിലൂടെ മാത്രമാണ് പലപ്പോഴും വാഹനങ്ങൾ കടത്തിവിടുന്നത്. കുതിരാൻ വഴുക്കുംപാറയിൽ തൃശൂർ ലൈനിൽ പാത ഇടിഞ്ഞത് ആറുമാസം മുമ്പായിരുന്നു.
എന്നാൽ ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പുനർ നിർമാണം നടത്തി വാഹനങ്ങൾ കടത്തിവിടാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. തൃശൂരിലേക്കുള്ള വാഹനങ്ങളെല്ലാം പാലക്കാട് ലൈനിലൂടെയാണ് ഇപ്പോഴും കടത്തിവിടുന്നത്. ഈ ഭാഗത്ത് പാലക്കാട് ലൈനും അപകടത്തിലാണ്. കൊമ്പഴ മമ്മദ് പടിയിൽ 150 മീറ്ററോളം ദൂരം മൂന്നുവരി പാതയ്ക്ക് പകരം രണ്ടുവരിപ്പാതയെ ഇപ്പോഴും ഉള്ളൂ.
മൂന്നുവരിപ്പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരു വരി പാതയുടെ നിർമാണം ഇപ്പോഴും നടത്തിയിട്ടില്ല. ജില്ലാ അതിർത്തിയായ വാണിയംപാറ ജംഗ്ഷനിലാണ് മറ്റൊരു അപകടക്കെണി. ഇവിടെയുള്ള യു ടേണാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്.
മുന്നറിയിപ്പു ലൈറ്റുകൾ പോലും ഇവിടെയില്ല. അണ്ടർ പാസും സർവീസ് റോഡുകളും ആവശ്യമായ ഇവിടെ ഞാണിമേൽ കളി പോലെയാണ് വാഹനങ്ങൾ ദേശീയപാത മുറിച്ചു കടക്കുന്നത്.