യൂറിയയ്ക്ക് ഒപ്പം സൂക്ഷ്മമൂലകവളം കർഷകരിൽ അടിച്ചേല്പിക്കുന്നു
1377229
Sunday, December 10, 2023 2:07 AM IST
നെന്മാറ: കുറച്ചുകാലത്തെ യൂറിയ ക്ഷാമത്തിനുശേഷം വിപണിയിൽ യൂറിയ ലഭ്യമായി. യൂറിയ വിപണിയിൽ എത്തിയതോടെ യൂറിയക്ക് ഒപ്പം സൂക്ഷ്മ മൂലക വളങ്ങൾ നിർബന്ധിതമായി വാങ്ങാൻ കർഷകരോട് സഹകരണ സംഘങ്ങളും സ്വകാര്യ വ്യാപാരികളും നിർബന്ധിക്കുന്നതായി പരാതി.
രണ്ട് ചാക്കിൽ കൂടുതൽ യൂറിയ ലഭിക്കണമെങ്കിൽ വടക്കേ ഇന്ത്യയിലെ സ്വകാര്യ കമ്പനി പുറത്തിറക്കിയ സൂക്ഷ്മ മൂലകവളം വാങ്ങണമെന്ന് വ്യാപാരികൾ നിർബന്ധിക്കുന്നു. കുറച്ചു മാസങ്ങളായുള്ള യൂറിയ ക്ഷാമത്തിനുശേഷം വിപണിയിൽ എത്തിയ യൂറിയയോടൊപ്പമാണ് കർഷകർക്ക് ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത സൂക്ഷ്മ മൂലക വളം അടിച്ചേൽപ്പിക്കുന്നത്.
വ്യാപാരികൾക്കും യൂറിയ വിതരണം ചെയ്യുന്നതോടൊപ്പം നിശ്ചിത എണ്ണം യൂറിയ ചാക്കിന് സൂക്ഷ്മ വളങ്ങളും നിർബന്ധമായി വാങ്ങിപ്പിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ഇതാണ് വ്യാപാരികൾ കർഷകരിലും യൂറിയക്കൊപ്പം മറ്റു വളവും വില്പന നിബന്ധന വയ്ക്കുന്നത്.
പൊട്ടാസ്യം, മഗ്നീഷ്യം, സൾഫേറ്റ് എന്നിവ ഉൾപ്പെട്ട ഒരു കിലോ സൂക്ഷ്മ മൂലകവളത്തിന് 225 രൂപ പരമാവധി വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 160 രൂപയാണ് കർഷകരിൽ നിന്നും വാങ്ങുന്നത്.
ഇതുകൂടാതെ മറ്റു രാസവളങ്ങൾക്ക് ഇല്ലാത്ത രീതിയിൽ 45 കിലോ തൂക്കമുള്ള ഒരു ചാക്ക് യൂറിയക്ക് 266 രൂപ 50 പൈസ പരമാവധി വിലയ്ക്ക് പുറമേ കൈകാര്യം ചെലവ് എന്ന രീതിയിൽ ബില്ലിനു പുറമേ സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വ്യാപാരികൾ 24 മുതൽ 30 രൂപ വരെയും ചേർത്ത് 300 രൂപയാണ് യൂറിയയ്ക്ക് വാങ്ങുന്നത്.
കൈകാര്യ ചെലവ് ബില്ല് പിഓഎസ് മെഷീൻ ബില്ലിനോടൊപ്പം വാങ്ങാതെ സഹകരണ സംഘത്തിന്റെ പ്രത്യേക ബില്ലായാണ് ആവശ്യക്കാർക്ക് നൽകുന്നത്.