സംസ്ഥാനപാതയിൽ ഈസ്റ്റ് ഒറ്റപ്പാലം പാലം യാഥാർഥ്യമാകുന്നു
1377228
Sunday, December 10, 2023 2:02 AM IST
ഒറ്റപ്പാലം:പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയിൽ മറ്റൊരു പാലം കൂടി യാഥാർഥ്യമാവുന്നു. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഈസ്റ്റ് ഒറ്റപ്പാലം തോടിനു കുറുകെ നിലവിലെ പാലത്തിനു സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ തുടർ പ്രവൃത്തികൾ ഉടൻ തുടങ്ങും.
ഭരണ, സാങ്കേതിക അനുമതികൾ കൂടി ലഭിച്ച സാഹചര്യത്തിലാണിത്. ഇതിന്റെ ടെൻഡർ 20നു തുറക്കുമെന്നു കെ.പ്രേംകുമാർ എംഎൽഎ അറിയിച്ചു. 5.80 കോടി രൂപയാണു പുതുക്കിയ എസ്റ്റിമേറ്റ്. പത്ത് വർഷം മുന്പ് വിഭാവനം ചെയ്ത പദ്ധതിയാണിത്. പലതവണ എസ്റ്റിമേറ്റ് പുതുക്കിയ ശേഷമാണു തുക അഞ്ച് കോടി കവിഞ്ഞത്.
നിലവിലെ പാലത്തിന്റെ വടക്കുഭാഗത്തു കൂടിയാണു സമാന്തര പാലം നിർമാണത്തിനുള്ള പദ്ധതി. വടക്കുഭാഗത്ത് ഇരുകരകളിലുമായുള്ള രണ്ട് സ്മാരകങ്ങളെ ബാധിക്കാത്ത വിധമാണു പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് എംഎൽഎ അറിയിച്ചു.
പാലത്തിന്റെ ഘടനയെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകിപ്പിച്ചത്. നേരത്തെ ഇതോടൊപ്പം വിഭാവനം ചെയ്യപ്പെട്ട കണ്ണിയംപുറം തോടിനു കുറുകെയുള്ള സമാന്തര പാലത്തിന്റെ നിർമാണം 2019ൽ പൂർത്തിയായിരുന്നു.
ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും നിലവിലെ പാലങ്ങളുടെ കാലപ്പഴക്കവും പരിഗണിച്ചാണ് നഗരത്തിലെ ഇരു തോടുകൾക്കും കുറുകെ പാലങ്ങൾക്കു പദ്ധതി തയാറാക്കിയത്.