കുമരംപുത്തൂരിൽ വീണ്ടും വാഹനാപകടം: കണ്ടെയ്നർ ലോറി കടയിലേയ്ക്ക് ഇടിച്ചുകയറി
1377225
Sunday, December 10, 2023 2:02 AM IST
മണ്ണാർക്കാട് : കോഴിക്കോട്-പാലക്കാട് ദേശീയപാത മണ്ണാർക്കാടിനടുത്ത് കുമരംപുത്തൂരിൽ വീണ്ടും വാഹനാപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി കടയിലേയ്ക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
അപകടത്തിൽ ആർക്കും പരിക്കില്ല. ഒരാഴ്ച മുമ്പ് ഇവിടെ ലോറികൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇതിനിടയിൽ ഒരു ബൈക്ക് കുടുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആറോളം അപകടമാണ് ആറു മാസത്തിനിടെ ഇവിടെ നടന്നത്.
കൂടാതെ പത്തിലധികം ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുകയുമുണ്ടായി. മഴയുള്ളപ്പോഴാണ് അപകടങ്ങൾ പെരുകുന്നത്. ചെറിയ ഇറക്കവും വളവുമാണ് അപകടത്തിന് കാരണമാകുന്നത്.
കൂടാതെ റോഡിന് വളവിനനുസരിച്ചുള്ള വീതിയില്ലായ്മയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അധികൃതർ ഇത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.