കനത്തമഴയിൽ ബണ്ട് ഇടിഞ്ഞ് നെൽപ്പാടങ്ങൾ മുങ്ങി
1377224
Sunday, December 10, 2023 1:58 AM IST
ചിറ്റൂർ : നല്ലേപ്പിള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത മഴയിൽ മൂച്ചിക്കുന്ന് പാടശേഖരസമിതിയിലെ നാല് ഏക്കർ വിസ്തീർണ്ണമുള്ള കുളത്തിന്റെ ബണ്ട് ഇടിഞ്ഞ് നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി.
കുളത്തിന്റെ മുകളിലുള്ള 40 ഏക്കർ നെൽപ്പാടത്തിൽ ഇരച്ചെത്തിയ വെള്ളം കുളത്തിലിറങ്ങിയാണ് ബണ്ട് തകരാൻ കാരണം. നടീൽ കഴിഞ്ഞ പാടങ്ങളിൽ കഴിഞ്ഞ ദിവസം രാസവളം പ്രയോഗവും നടത്തിയിരുന്നു. വെള്ളത്തിന്റെ ലഭ്യത കുറവു കാരണം നിലവിലുള്ള വെള്ളം കെട്ടി നിർത്തിയതിനാൽ അപ്രതീഷിതമായെത്തിയ മഴ വ്യാപക കൃഷിനാശത്തിന് കാരണമായി.
കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നല്കണമെന്നും കുളത്തിന്റെ ബണ്ട് തകർന്നത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബണ്ട് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് മൂച്ചിക്കുന്ന് പാടശേഖര സമിതി സെക്രട്ടറി വി.രാജൻ കർഷകരായ ടി.വാസു, കെ.വി. പ്രതീപ്, എം.ചന്ദ്രൻകുട്ടി, കെ.സേതുമാധവൻ, കണ്ണൻ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.