രൂപത സുവർണജൂബിലിവർഷ അഖണ്ഡ ബൈബിൾ പാരായണവും ബൈബിൾ റാലിയും സമാപിച്ചു
1377223
Sunday, December 10, 2023 1:58 AM IST
പാലക്കയം: പാലക്കയം സെന്റ് മേരീസ് ദേവാലയത്തിൽ രൂപത സുവർണ ജൂബിലി വർഷ അഖണ്ഡ ബൈബിൾ പാരായണം സമാപിച്ചു. കഴിഞ്ഞ ആറ് ദിവസമായി അഖണ്ഡ ബൈബിൾ പാരായണം നടന്നു.
ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതൽ അവസാന പുസ്തകമായ വെളിപാട് വരെ 73 പുസ്തകങ്ങൾ തുടർച്ചയായി വായിച്ച് അഖണ്ഡ ബൈബിൾ പാരായണം സമാപിച്ചു.
രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ ഉല്പത്തി പുസ്തകത്തിലെ അവസാന അധ്യായം വായിച്ച് അഖണ്ഡ ബൈബിൾ പാരായണത്തിന് സമാപനം കുറിച്ചു.
തുടർന്ന് വിശുദ്ധ ബലിക്ക് ശേഷം പാലക്കയം ടൗണിലൂടെ നടത്തിയ ബൈബിൾ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.പാലക്കയം ടൗണ്‍ കപ്പേളയിൽ നടന്ന സമാപന ശുശ്രൂഷയിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമാപന സന്ദേശം നല്കി. ദൈവത്തിന്റെ വചനം തന്നെയായ ബൈബിൾ വായിക്കുന്നതു വഴി നമ്മുടെ ജീവിതം സന്തോഷപ്രദമാകുമെന്ന് ബിഷപ് പറഞ്ഞു.
തിരുവചനം മനുഷ്യന് ആശ്വാസം പകരുന്നു, അവന്റെ വഴികളിൽ പ്രകാശമായി മാറുന്നു, അത് അന്ധകാരത്തെ നീക്കികളഞ്ഞ് മനുഷ്യമനസുകളെ ഉൗർജസ്വലമാക്കുന്നു. അതിനാൽ വചന പാരായണം അനുദിനം തുടരണമെന്നും അത് നമ്മുടെ ജീവിത ശൈലിയായി മാറണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.
പാലക്കയം ഇടവകയിലെ കെസിവൈഎം യുവജനങ്ങളുടെ നേതൃത്വത്തിലാണ് അഖണ്ഡ ബൈബിൾ പാരായണവും ബൈബിൾ റാലിയും സംഘടിപ്പിച്ചത്. ബൈബിൾ റാലിയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ബൈക്ക് റാലി, ഫ്ളാഷ് മോബ്, ബൈബിൾ ദൃശ്യാവിഷ്കരണം, ടാബ്ലോ എന്നിവ ഒരുക്കിയിരുന്നു.
കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ, പൊന്നംകോട് ഫൊറോന വികാരി ഫാ. സിജോ കളന്പാടൻ, ഫാ. ടോണി കോഴിപ്പാടൻ, ഫാ. ഫ്രെഡി അരിക്കാട്ട്, ഫാ. ജിതിൻ പുലവേലി, ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, കൈക്കാരൻമാർ, വിവിധ സംഘടകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.