അട്ടപ്പാടിയിൽ കെട്ടിയിട്ട് കവർച്ച: ഒളിവിൽ കഴിഞ്ഞ പ്രതിയും അറസ്റ്റിൽ
1377216
Sunday, December 10, 2023 1:58 AM IST
അഗളി: യുവാവിനെ കെട്ടിയിട്ട് ആഭരണവും പണവും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി മാരായമംഗലത്ത് മൂലം കുന്നത്ത് വീട്ടിൽ അബ്ദുൽ റസാഖ് (25) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയോടെ മാരായമംഗലത്തുനിന്നും ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.അഗളി പഴയ വില്ലേജ് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന താവളം സ്വദേശി സുരേഷിനെയാണ് വെള്ളിയാഴ്ച പുലർച്ചെ മൂവർ സംഘം കെട്ടിയിട്ട് മർദ്ദിച്ച് പണവും സ്വർണവും അപഹരിച്ചത്.
കേസിലെ രണ്ടു പ്രതികളെയും പ്രതികൾ ഉപയോഗിച്ച വാഹനവും വെള്ളിയാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെമ്മണ്ണൂർ ദേവാലയത്തിന് സമീപം പതിയിരുന്ന മൂവർ സംഘത്തെ പോലീസ് വളഞ്ഞതോടെ അബ്ദുൽ റസാഖ് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ,പ്രിൻസിപ്പൽ എസ് ഐ ഷിജു, സ്പെഷൽ ബ്രാഞ്ച് എസ്ഐ ജയിൻ പൗലോസ്, എസ്ഐ കൃഷ്ണദാസ് സിപിഓമാരായ അജയൻ അബ്ദുറഹ്മാൻ പ്രിൻസ് എന്നിവ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്