കൗമാര മാമാങ്കത്തിനു വിപുലമായ ഒരുക്കങ്ങൾ
1376009
Tuesday, December 5, 2023 6:40 AM IST
പാലക്കാട്: മീഡിയ സെന്റർ, വിക്ടറി പോയിന്റ്, ട്രോഫി പവലിയൻ, പ്രഥമ ശുശ്രൂഷ കേന്ദ്രം, ആംബുലൻസ്, കൗണ്‍സിലിംഗ് സെന്റർ എന്നിവ പ്രധാനവേദിയായ ബിഇഎം സ്കൂളിൽ സജ്ജീകരിക്കും.
എല്ലാവേദികളിലും കുടിവെള്ളം വിതരണം ചെയ്യും. കലോത്സവ വേദികളുമായി ബന്ധപ്പെട്ട പ്രധാന റോഡുകളിൽ ആവശ്യമായ ട്രാഫിക്, പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തും. ശാദി മഹൽ ഓഡിറ്റോറിയത്തിലാണ് ഭക്ഷണ ശാല പ്രവർത്തിക്കുക. എല്ലാ ദിവസവും ഉച്ചക്ക് സമൃദ്ധമായ ഭക്ഷണത്തോടൊപ്പം പായസവും നൽകും.
പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ളതാണ് ഇത്തവണത്തെ കലോത്സവം.
താമസസൗകര്യം ആവശ്യമായി വരുന്നവർക്ക് ബിഗ്ബസാർ ഗവ. ഹൈസ്കൂളിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഷാഫി പറന്പിൽ എംഎൽഎ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ ജനറൽ കണ്‍വീനറുമായ സംഘാടകസമിതിയാണ് ചുക്കാൻ പിടിക്കുന്നത്.
വിവിധ ജനപ്രതിനിധികൾ ചെയർമാൻമാരും അധ്യാപക സംഘടനാ പ്രതിനിധികൾ കണ്‍വീനർമാരുമായുള്ള പതിമൂന്ന് സബ് കമ്മിറ്റികളാണ് പ്രവർത്തിച്ചു വരുന്നത്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കും. മത്സര വേദികൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.