ജില്ലാ സ്കൂൾ കലോത്സവം ഇന്നുമുതൽ
1376008
Tuesday, December 5, 2023 6:40 AM IST
പാലക്കാട്: അറുപത്തി രണ്ടാമത് റവന്യൂ ജില്ലാ കേരളാ സ്കൂൾ കലോത്സവം ഇന്നുമുതൽ ഒന്പതുവരെ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും.
ബിഇഎം ഹയർ സെക്കൻഡറി, ബിഇഎം ജെബിഎസ്, സിഎസ്ഐ ഇംഗ്ളീഷ് മീഡിയം, സെന്റ് സെബാസ്റ്റ്യൻസ് എസ്ബിഎസ്, സുൽത്താൻപേട്ട ജിഎൽപിഎസ് സ്കൂളുകളിലാണ് വേദികൾ.
15 പ്രധാന വേദികളും 27 ക്ലാസ് റൂം വേദികളിലുമായി പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി പതിനായിരത്തോളം കലാപ്രതിഭകൾ 309 ഇനങ്ങളിൽ മത്സരിക്കും.
ആദ്യദിനമായ ഇന്ന് രചനാ മത്സരങ്ങളാണ് നടക്കുക. ബിഇഎം സ്കൂളിലെ 27 ക്ലാസ് റൂമുകളിലായി നടക്കുന്ന രചനാ മത്സരങ്ങളിൽ 799 പേരാണ് പങ്കെടുക്കുന്നത്.
രാവിലെ 9 ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ പതാക ഉയർത്തും. ആറിന് വൈകുന്നേരം നാലിനു ഉദ്ഘാടന സമ്മേളനം നടക്കും.
സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ ഷാഫി പറന്പിൽ എംഎൽഎ അധ്യക്ഷത വഹിക്കും.
എംഎൽഎമാരായ എ. പ്രഭാകരൻ, എൻ. ഷംസുദ്ദീൻ, കെ.മുഹമ്മദ് മുഹ്സിൻ, കെ.പ്രേംകുമാർ, പി.മമ്മിക്കുട്ടി, നഗരസഭാധ്യക്ഷ പ്രിയ അജയൻ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര മുഖ്യ പ്രഭാഷണം നടത്തും. സംഗീത സംവിധായകൻ പ്രകാശ് ഉള്ള്യേരി ലോഗോ രൂപകല്പന ചെയ്ത സാദത്ത് സമീലിന് ഉപഹാരം സമർപ്പിക്കും.
സമാപന സമ്മേളനവും സമ്മാനദാനവും ഒന്പതിന് വൈകുന്നേരം അഞ്ചിന് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയാകും. രമ്യ ഹരിദാസ് എംപി സമ്മാനദാനം നിർവഹിക്കും.
എംഎൽഎമാരായ കെ.ശാന്തകുമാരി, കെ.ഡി. പ്രസേനൻ, പി.പി. സുമോദ് വിശിഷ്ടാതിഥികളായിരിക്കും. ചലച്ചിത്ര നടൻ ഷാജു ശ്രീധർ മുഖ്യാതിഥിയായി പങ്കെടുക്കും.