ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ ഹോസ്റ്റൽ ഡേ ആഘോഷം
1375687
Monday, December 4, 2023 2:02 AM IST
വടക്കഞ്ചേരി: ആൺകുട്ടികൾക്കായുള്ള ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലിന്റെ ഹോസ്റ്റൽ ഡേ വിവിധ പരിപാടികളോടെ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി.ടി. രജനി, എസ്.അലീമ, ഗ്രാമപഞ്ചായത്ത് അംഗം ഉഷാകുമാരി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലെ ദിനേശ്, അരുൺ, ഹോസ്റ്റൽ വാർഡൻ പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു.
ഹോസ്റ്റലിലെ റസിഡൻഷ്യൽ ട്യൂട്ടർമാരായ മധു, രതീഷ്, ഹരി നാരായണൻ, കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ട്രൈബൽ ഡാൻസ് ഉൾപ്പെടെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലായി 26 പേരാണ് ഈ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ആയക്കാട്, മഞ്ഞപ്ര ചിറ സ്കൂളുകളിലാണ് ഇവരുടെ പഠനം. സ്വന്തം കെട്ടിടവുമായി 2003ലാണ് പ്രീമെട്രിക് ഹോസ്റ്റൽ ആയക്കാട് പ്രവർത്തനം തുടങ്ങിയത്.