ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡ് ടാറിംഗ് തുടങ്ങി
1375682
Monday, December 4, 2023 2:02 AM IST
മണ്ണാർക്കാട് : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡിൽ ടാറിംഗ് തുടങ്ങി.
ചിറക്കൽപ്പടിയിൽ നിന്ന് അമ്പാഴക്കോട് ഭാഗത്തയ്ക്ക് 11.100 കിലോ മീറ്റർ ദൂരത്തിലാണു ടാറിംഗ് ആരംഭിച്ചത്.
ക്രിസ്മസ് ന്യു ഇയർ ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക് ഉപകാരപ്രദമാകും.
ഉദ്യാനത്തിലേയ്ക്ക് സഞ്ചാരികളുടെ കുത്തൊഴുക്കും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് ആനുപാതികമായുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഉദ്യാന പരിപാലന കമ്മിറ്റിയും ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഉപയോഗപ്രദമാകുന്ന തരത്തിൽ വൻ പദ്ധതികളും ഉദ്യാനത്തിൽ വരുന്നുണ്ട്.
ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണത്തിനായി ഒരുക്കിയ പാതയുടെ ഉപരിതലത്തിൽ രണ്ടു പാളികളായാണു ടാർ ചെയ്യുന്നത്.
ആദ്യ പാളിയിൽ 60 മില്ലിമീറ്റർ കനത്തിലും ഉപരിതല പാളിയിൽ 30 മില്ലി മീറ്റർ കനത്തിലും ടാറിംഗ് നടത്തുമെന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു.
എട്ടു കിലോ മീറ്റർ വരുന്ന റോഡിൽ ഏഴു മീറ്റർ വീതിയിലാണ് ടാറിംഗ്.
മുൻ കരാറുകാരൻ നേരത്തെ ടാർ ചെയ്ത ഏകദേശം അഞ്ചു കിലോ മീറ്ററോളം വരുന്ന റോഡിന്റെ ഉപരിതലത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് കൂടി ചെയ്യാനുണ്ട്.
നിലവിൽ പാലാംപട്ട മുതൽ കാഞ്ഞിരം, ചങ്ങലപ്പടി- കള്ളുഷാപ്പു മുതൽ കാണിവായ് ഇറക്കം, മൃഗാശുപത്രി മുതൽ വർമം കോട്, വർമംകോട് കയറ്റം മുതൽ ഉദ്യാനത്തിനു മുൻവശം എന്നിവിടങ്ങളിലാണു മുൻ കരാറുകാരൻ ടാർ ചെയ്തത്.
റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
കാഞ്ഞിരം ടൗണിൽ ഇന്റർ ലോക് പതിക്കലും കാഞ്ഞിരം പാലം നിർമാണവും അന്തിമ ഘട്ടത്തിലാണ്.