നിർമാണ പ്രവൃത്തികൾക്കു സാക്ഷികളായി ചിത്രയും മകൻ ഇന്ദ്രജിത്തും
1374851
Friday, December 1, 2023 1:36 AM IST
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പുരോഗതി കാണാൻ ഇന്നലെയും പാണ്ടാംകോട്ടിൽ നിന്നും ചിത്രയും മകൻ ഇന്ദ്രജിത്തും പദ്ധതിക്കായി പവർഹൗസ് നിർമിക്കുന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള കൊന്നക്കൽകടവിലെത്തി. വലിയ സന്തോഷത്തോടെയായിരുന്നു ജില്ലാ പഞ്ചായത്ത്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം ഇവരും ഉണ്ടായിരുന്നത്.
ഇവർ കൊടുത്ത സ്ഥലത്താണ് പവർഹൗസിന്റെ നിർമാണം നടക്കുന്നത്. ചിത്രയുടെ ഭർത്താവ് സുരേഷായിരുന്നു പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നതിനും മറ്റും മുന്നിൽനിന്നത്. എന്നാൽ പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് സുരേഷ് മൂന്നുവർഷം മുമ്പ് മരിച്ചു. ഈ സ്ഥലത്തെത്തുമ്പോൾ വേർപാടിന്റെ വേദനയുണ്ടെങ്കിലും നാടിന്റെ വികസനത്തിനായി തങ്ങൾക്ക് ചെയ്യാവുന്നത് ചെയ്യാനായി എന്ന സംതൃപ്തിയാണ് ഇവർ പങ്കുവയ്ക്കുന്നത്.
പവർഹൗസിനായി 85 സെന്റ് സ്ഥലത്തിനു പുറമെ മലമുകളിലെ തടയണയിൽനിന്നും താഴേക്ക് പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കുന്നതും ഇവരുടെ സ്ഥലത്തുകൂടെയാണ്. റബർ മരങ്ങൾ നിന്നിരുന്ന സ്ഥലത്താണിപ്പോൾ പവർഹൗസിനായുള്ള കെട്ടിട നിർമാണം നടക്കുന്നത്.