എവറസ്റ്റിനരികെ പ്രവീന്ദ് ഗോപി: അഭിനന്ദന പ്രവാഹവുമായി നാട്
1374625
Thursday, November 30, 2023 2:30 AM IST
ഒറ്റപ്പാലം: ചരിത്രം കുറിച്ച് എവറസ്റ്റിന് സമീപം ദേശീയ പതാകയുമായി പ്രവീന്ദ് ഗോപി. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളേയും അതികഠിനമായ മഞ്ഞുവീഴ്ചയുമെല്ലാം അതിജീവിച്ച് സാഹസികമായി എവറസ്റ്റിന് സമീപം ദേശീയ പതാക ഉയർത്തിയ ഒറ്റപ്പാലം സ്വദേശി പ്രവീന്ദ് ഗോപിയേ തേടിയുള്ള അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല.
സ്വന്തം ഇച്ഛാശക്തിക്ക് മുമ്പിൽ പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണംചെയ്ത അമ്പലപ്പാറ പാലചുവട് ശിവ് വ്യൂവിൽ പ്രവീന്ദ് ഗോപി (ഷിബു - 49) ആത്മസംതൃപ്തിയുടെ കൊടുമുടിയിലാണ്. മോഹിച്ചത് നടന്നതിന്റെ ചാരിതാർഥ്യം.
എട്ടു ദിവസത്തെ സാഹസിക യാത്രയ്ക്കൊടുവിലാണ് എവറസ്റ്റിനു സമീപം കാലാപത്ഥറിലെത്തിയ പ്രവീന്ദ് ഗോപി അവിടെ ദേശീയപതാക പാറിച്ച് തന്റെ സാന്നിധ്യം കൂടി അടയാളപ്പെടുത്തിയത്. ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വിമാനമാർഗമാണ് കാഠ്മണ്ഡുവിൽ എത്തിയത്. നാട്ടിലെ കുന്നും മലകളും കയറിയിറങ്ങിയതിന്റെ മുൻപരിചയവും ഷട്ടിൽ ബാഡ്മിന്റൺ കളിച്ചുനേടിയ കായിക ക്ഷമതയുമായിരുന്നു കൈമുതൽ. ലുക്ലയിൽ നിന്നായിരുന്നു ട്രക്കിംഗിനു തുടക്കം.
സമുദ്രനിരപ്പിൽ നിന്ന് 5,380 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാന്പിലെത്തിയാണു ഷിബു എട്ടാം ദിവസം ദേശീയപതാക പാറിച്ചത്. കനത്ത മഞ്ഞുവീഴ്ചയും കൊടുംതണുപ്പുമായിരുന്നു വെല്ലുവിളി. പ്രതിദിനം അഞ്ചുകിലോമീറ്റർ വരെ താണ്ടിയുള്ള യാത്ര. എട്ടാം ദിവസം തന്നെ 5,645 മീറ്റർ ഉയരമുള്ള കാലാപത്ഥറിലുമെത്തി. ബേസ് ക്യാന്പിൽനിന്നു കുത്തനെയുള്ള മലനിരകളിലൂടെ കാലാപത്ഥറിലേക്കുള്ള യാത്രയായിരുന്നു കൂടുതൽ കഠിനം. സൂര്യാസ്തമയം കൂടുതൽ അടുത്തു സ്വർണനിറത്തിൽ കാണാൻ കഴിയുമെന്ന പ്രത്യേകതയാണു കാലാപത്ഥർ യാത്രയുടെ പ്രേരണ. മൂന്നു ദിവസം കൊണ്ടു കൊടുമുടിയിറങ്ങി ലുക്ലയിൽ തിരിച്ചെത്തി.
യാത്രാവിവരണങ്ങൾ വായിച്ചാണ് എവറസ്റ്റ് മോഹം മനസിൽ കയറിയത്. പ്രത്യേക പരിശീലനങ്ങളൊന്നും നേടാതെയായിരുന്നു സാഹസിക യാത്ര. വഴികാട്ടിയും പോർട്ടറും ഒപ്പമുണ്ടായിരുന്നു.