സീസണിൽ നടീലിനായി ബംഗാളിൽ നിന്നു ജില്ലയിലെത്തുന്നത് അയ്യായിരത്തോളം പേർ
1374624
Thursday, November 30, 2023 2:30 AM IST
വടക്കഞ്ചേരി: നെൽകൃഷിയുടെ രണ്ടാം വിള നടീൽ പണികൾക്കായി ബംഗാളിൽനിന്നു പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുള്ളത് അയ്യായിരത്തിലേറെ യുവാക്കൾ. കർഷക തൊഴിലാളികളുടെ പേര് പറഞ്ഞ് ആനുകൂല്യങ്ങൾ പറ്റുന്ന നിരവധി തൊഴിലാളികളുള്ള നാട്ടിലേക്കാണ് ഇത്രയും പേർ നടീൽ പണികൾക്കായി അന്യസംസ്ഥാനത്തു നിന്നു ജില്ലയിലെത്തുന്നത്.
മറ്റു ജില്ലകളിലും ഇതിൽ കൂടുതൽ യുവാക്കളുണ്ടെന്ന് ബംഗാളിൽ നിന്നുള്ള ഇവരുടെ ഏജന്റായ ഹബീബ് റഹ്മാൻ പറഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങളായി രണ്ട് സീസണിലായി ഹബീബ് തൊഴിലാളികളുമായി കേരളത്തിലെത്തുന്നുണ്ട്. ഇതിനാൽ ഹബീബ് മലയാളം സംസാരിക്കും.
വടക്കഞ്ചേരി മേഖലയിലാണ് ഹബീബിന്റെ തൊഴിലാളികളായ യുവാക്കൾ നടീൽ ജോലി ചെയ്യുന്നത്. ഉയർന്ന കൂലിയാണ് ബംഗാളി യുവാക്കളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. ബംഗാളിൽ ഒരു പകൽ മുഴുവൻ പണിയെടുത്താൽ തന്നെ ആണിന് 350 രൂപയാണ് കൂലി കിട്ടുക. നിർമാണ മേഖലയിലും മറ്റുമാണ് ബംഗാളിൽ കുറച്ചെങ്കിലും കൂലിയുള്ളത്. കേരളത്തിൽ ഉയർന്ന കൂലിയുണ്ടെങ്കിലും ജീവിത ചെലവും ഇവിടെ കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു. ദിവസം ആയിരം രൂപക്ക് പണിയുന്ന നടീൽ തൊഴിലാളികളാണ് ഈ യുവാക്കൾ. അതിരാവിലെ ആറിന് പാടത്ത് ഇറങ്ങിയാൽ വൈകുന്നേരം വരെ പണിയും.
ഉച്ചഭക്ഷണത്തിനായി കയറുമ്പോഴാണ് കുറച്ചു സമയം വിശ്രമിക്കുക.18 നും 35നും ഇടക്ക് പ്രായമുള്ള യുവാക്കളാണ് ഇവരെല്ലാം . കോൽക്കത്ത, മുർഷിദാബാദ് മേഖലയിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതൽ പേരും. വടക്കഞ്ചേരി മേഖലയിൽ തന്നെ അഞ്ഞൂറിലേറെ ബംഗാളി യുവാക്കൾ പലയിടത്തായി നടീൽ പണികൾ നടത്തുന്നുണ്ട്. മഴയോ വെയിലോ ഒന്നും ഇവരുടെ പണികൾക്ക് തടസമല്ല.
സീസൺ കഴിഞ്ഞ് പോകുമ്പോൾ വലിയൊരു തുകയുമായിട്ടാണ് ഇവർ നാട്ടിലേക്ക് മടങ്ങുക.
ദിവസക്കൂലി മുഴുവൻ മദ്യപിച്ച് നശിപ്പിക്കുന്ന ശീലം ഇവർക്കില്ല. മദ്യപാനികളെ ഇവർ ഒപ്പം കൂട്ടില്ല. കേരളത്തിലെ മഴ, കൃഷിപണികൾ എന്നിവയുടെയെല്ലാം കലണ്ടർ ഇവർക്ക് മന:പാഠമാണ്.