പുതിയ ആശുപത്രി കെട്ടിട സമുച്ചയം യാഥാർഥ്യത്തിലേക്ക്
1374617
Thursday, November 30, 2023 2:30 AM IST
പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായി വരുന്ന പുതിയ കെട്ടിടങ്ങൾ പ്രവർത്തന സജ്ജമാക്കുന്നതിന് മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിനായി കിഫ്ബി വഴി 10.29 കോടി അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഏഴ് നിലകളുള്ള പ്രധാന ആശുപത്രി ബ്ലോക്ക്, മോർച്ചറി കെട്ടിടം, സബ് സ്റ്റേഷൻ കെട്ടിടം, പന്പ് റൂം, ഡിജി റൂം എന്നിങ്ങനെ 70.51 കോടി രൂപയുടെ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്.
50.47 കോടി രൂപയുടെ സാന്പത്തികാനുമതി കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു.
ഇത് കൂടാതെയാണ് ഇപ്പോൾ 10.29 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
10,159 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള പ്രധാന ആശുപത്രി ബ്ലോക്കിൽ 220 കിടക്കകളാണ് സജ്ജമാക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗം, എക്സ്റേ, സിടി സ്കാൻ, എംആർഐ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, മൈനർ ഓപ്പറേഷൻ തിയറ്റർ, ട്രോമ ഐസിയു, ട്രയാജ്, ലബോറട്ടറി എന്നിവയാണുണ്ടാവുക.
ഒന്നാം നിലയിൽ ഒപി വിഭാഗങ്ങൾ, സ്പെഷ്യാലിറ്റി ഒപികൾ, ഓഫീസ്, രണ്ടാം നിലയിൽ ജനറൽ വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, മൂന്നാം നിലയിൽ ഓർത്തോ വാർഡുകൾ, ഇഎൻടി വാർഡ്, ലബോറട്ടറി, പീഡിയാട്രിക് വാർഡ്.
നാലാം നിലയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ജനറൽ ഐസിയു, സർജിക്കൽ ഐസിയു, സർജിക്കൽ വാർഡുകൾ, അഞ്ചാം നിലയിൽ ഓർത്തോ, ഒഫ്ത്താൽമിക്, എമർജൻസി, ഇഎൻടി, ഡയറിയ, സർജറി, അഞ്ച് ഓപ്പറേഷൻ തീയറ്ററുകൾ, ആറാം നിലയിൽ ലോണ്ട്രി, ആർഒ പ്ലാന്റ്, സ്റ്റോർ എന്നിവയും ഉണ്ടാകും.
ഇവയ്ക്കായുള്ള മെഡിക്കൽഉപകരണങ്ങളും ഫർണിച്ചറുകളും സജ്ജമാക്കാനാണ് തുകയനുവദിച്ചിരിക്കുന്നത്.