സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കിഴക്കഞ്ചേരി സ്കൂളിൽ എസ്എഫ്ഐ ഭീഷണിയെന്ന് എഐഎസ്എഫ്
1374311
Wednesday, November 29, 2023 1:57 AM IST
വടക്കഞ്ചേരി: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഐഎസ്എഫ് സമർപ്പിച്ച പത്രികകൾ ചില എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർഥികളെത്തി ഭീഷണിപ്പെടുത്തി എഐഎസ്എഫ് വിദ്യാർഥികൾ നല്കിയ പത്രികകൾ പിൻവലിപ്പിച്ചതായി പരാതി.
ആറ് ക്ലാസുകളിലെ കുട്ടികളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നിന്നും പിന്തിരിപ്പിച്ചെന്ന് പറയുന്നു. ഈ തെരഞ്ഞെടുപ്പു രീതി ജനാധിപത്യ വിരുദ്ധമാണെന്നും ഏകപക്ഷീയമായ രീതിയിലുള്ള തെരഞ്ഞെടുപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും എഐഎസ്എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
എസ്എഫ്ഐയുടെ ഭാഗത്തു നിന്നും ഇത്തരം പ്രവൃത്തികൾ ഇത് ആദ്യമല്ല. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് സ്ഥാപിച്ച ബോർഡുകളും കൊടി തോരണങ്ങളും എസ്എഫ്ഐക്കാർ നശിപ്പിച്ചിരുന്നു.
എന്നാൽ എബിവിപി പോലുള്ള വിദ്യാർഥി സംഘടനകൾക്ക് ബോർഡുകൾ സ്ഥാപിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്ന എസ്എഫ്ഐ ഇടതുപക്ഷ വിരുദ്ധ മുഖം തുറന്നു കാട്ടുകയാണെന്ന് എഐഎസ്എഫ് ആരോപിച്ചു.
കേരളത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇത്തരം ഏകപക്ഷീമായ നിലപാടിലേയ്ക്ക് എസ്എഫ്ഐ പോകുന്നത് ജനാധിപത്യപരവുമല്ലാത്ത രീതിയാണെന്നും ഇത് തിരുത്താതെ മുന്നോട്ടു പോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എഐഎസ്എഫ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.