ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് വിപുലീകരണ പ്രവൃത്തികൾക്കു തുടക്കം
1374310
Wednesday, November 29, 2023 1:57 AM IST
ഒറ്റപ്പാലം: അമൃത് ഭാരത് പദ്ധതിയിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസനത്തിൽ പാർക്കിംഗ് വിപുലീകരണം തുടങ്ങി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ നവീകരണം നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് പാർക്കിംഗ് സ്ഥലം വിപുലീകരിക്കുന്നത്. സ്റ്റേഷനു സമീപത്തുളള നിലവിലെ പാർക്കിംഗ് സ്ഥലവും എതിർവശത്തു റെയിൽവേ ക്വാർട്ടേഴ്സിനു സമീപമുള്ള സ്ഥലവുമാണ് പാർക്കിംഗിനു സൗകര്യപ്പെടുത്തുന്നത്.
വർഷങ്ങളായി ഒറ്റപ്പാലം നേരിടുന്ന പാർക്കിംഗ് പ്രശ്നത്തിന് ഇതിന്റെ പൂർത്തീകരണത്തോടെ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. നിർമാണപ്രവൃത്തികളുടെ ഭാഗമായി നിലവിലെ സ്ഥലത്തെ വാഹന പാർക്കിംഗ് നിർത്തലാക്കി. പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ പൂർണമായും മുറിച്ചുനീക്കി.
റെയിൽവേ ക്വാർട്ടേഴ്സ് പരിസരത്തെ നിലം നിരപ്പാക്കുന്നതുൾപ്പെടെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. വാഹന പാർക്കിംഗിനാണ് താത്കാലികമായി മെറ്റൽ യാർഡിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റാനുതകുന്ന നവീകരണ പ്രവൃത്തികളാണ് ലക്ഷ്യമിടുന്നത്. ഇതിനായി 7.58 കോടി രൂപയാണ് പദ്ധതിപ്രകാരം അനുവദിച്ചിരിക്കുന്നത്. നിർമാണപ്രവൃത്തികൾക്ക് 6.02 കോടി രൂപയും വൈദ്യുതി ക്രമീകരണങ്ങൾക്കായി 1.17 കോടി രൂപയും ടെലികോം നവീകരണത്തിന് 39 ലക്ഷം രൂപയുമുൾപ്പടെയാണിത്.
ഏറ്റവും വൃത്തിഹീനമായ സ്റ്റേഷൻ എന്നു പഴികേട്ട ഒറ്റപ്പാലം സ്റ്റേഷൻ നവീകരണം പൂർത്തിയാവുന്നതോടെ രണ്ട് പ്ലാറ്റുഫോമുകൾക്കും സമ്പൂർണ മേൽക്കൂര ഉണ്ടാവും. പ്രവേശന കവാടത്തിന്റെ നവീകരണവും നടക്കും. കാത്തിരിപ്പുമുറികൾ, ശൗചാലയം, ലഘുഭക്ഷണശാലകൾ, നടപ്പാത തുടങ്ങിയവയുടെ നവീകരണവും ഉണ്ടാവും.