പെൻഷൻ നിഷേധിച്ച നടപടിക്കെതിരെ സമരം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ്
1374309
Wednesday, November 29, 2023 1:57 AM IST
അഗളി: സർക്കാർ നിർദേശപ്രകാരം പുതിയ മസ്റ്ററിംഗ് കഴിഞ്ഞപ്പോൾ 3500 ഓളം പെൻഷൻകാർ അട്ടപ്പാടിയിൽ പെൻഷൻ പദ്ധതിയിൽനിന്നും പുറത്തായി. മൂന്നു പഞ്ചായത്തുകളിൽനിന്നുമായാണ് ഇത്രയധികം പേർ ഒഴിവാക്കപ്പെട്ടത്.
മുൻകാലങ്ങളിൽ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന വികലാംഗരും വിധവകളും അംഗപരിമിതരും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉൾപ്പെടെ ഉള്ളവർ ദുരിതത്തിലായി. ഇവരെ പുറത്താക്കിയതിനു പിന്നിൽ സർക്കാരിന്റെ ഹിഡൻ അജൻഡയാണുള്ളതെന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
മസ്റ്ററിംഗിനുശേഷം ഒഴിവാക്കപ്പെട്ട അർഹരായ പെൻഷൻകാരെ വിവരമറിയിക്കുന്നതിൽ ഉദ്യോഗസ്ഥരും ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണസമിതികളും വീഴ്ച വരുത്തിയിട്ടുണ്ട്.
ഒഴിവാക്കപ്പെട്ട പെൻഷൻകാരെ അടിയന്തരമായി മസ്റ്ററിംഗ് നടത്തി പെൻഷൻ പരിധിയിൽ ഉൾപ്പെടുത്താത്തപക്ഷം അട്ടപ്പാടിയിലെ പഞ്ചായത്തുകൾക്കു മുമ്പിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ഉണ്ടാകുമെന്നും അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. സാബു അറിയിച്ചു.