കെ ടെറ്റ് പരീക്ഷയിലൂടെ സർക്കാർ അധ്യാപകരെ വഞ്ചിച്ചു: കെപിഎസ്ടിഎ
1374307
Wednesday, November 29, 2023 1:48 AM IST
ചിറ്റൂർ: സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ കെ ടെറ്റ് പരീക്ഷയിലൂടെ സർക്കാർ അധ്യാപകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സർവീസിലുള്ള കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് യോഗ്യത നേടാൻ അവസരം എന്ന നിലയ്ക്ക് സർവീസിലുള്ളവരെമാത്രം ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തിയത്.
ഈ പരീക്ഷയ്ക്ക് കെ ടെറ്റ് പരീക്ഷയുടെ ഇരട്ടി ഫീസ് അധ്യാപകരിൽനിന്നും ഈടാക്കിയിരുന്നു. പരീക്ഷ എഴുതിയപ്പോൾതന്നെ വളരെ കടുത്ത പരീക്ഷണമാണ് നേരിടേണ്ടി വന്നതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടിരുന്നു. ഇത് പരീക്ഷാഭവന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർവീസിലുള്ളവരുടെ പ്രത്യേക പരീക്ഷ എന്ന നിർദേശമൊന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇപ്പോൾ ഫലം വന്നപ്പോൾ അഞ്ചുശതമാനത്തിൽ താഴെയാണ് വിജയം. വിദ്യാഭ്യാസവകുപ്പും പരീക്ഷ ഭവനും തമ്മിലുള്ള ശീത സമരത്തിൽ അധ്യാപകരെ ബലിയാടാക്കുകയാണെന്ന് സംഘടന അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, സീനിയർ വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എൻ. ഫിലിപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ടി.എ. ഷാഹിദ റഹ്മാൻ, എൻ.ജയപ്രകാശ്, കെ.രമേശൻ, പി.വി. ഷാജിമോൻ, എൻ. രാജ്മോഹൻ, ബി.സുനിൽകുമാർ, വി. മണികണ്ഠൻ സെക്രട്ടറിമാരായ ബി. ബിജു, വി.ഡി. അബ്രഹാം, കെ. സുരേഷ്, പി.എസ്. ഗിരീഷ്കുമാർ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.