മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ഹീമോഫീലിയ രോഗികൾ സ്വയം മരുന്നെടുക്കുന്നത് നിയന്ത്രിച്ചതായി ആരോഗ്യവകുപ്പ്
1374302
Wednesday, November 29, 2023 1:48 AM IST
പാലക്കാട്: ഹീമോഫീലിയ രോഗികളുടെ കൈയിൽ ലക്ഷണമില്ലാതെ മരുന്ന് കൊടുത്തുവിടുന്നതും രോഗിയെ സ്വയം മരുന്നെടുക്കാൻ അനുവദിക്കുന്നതും രോഗിയുടെ സുരക്ഷയെ കരുതി നിയന്ത്രിച്ചിരിക്കുന്നതായി ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ചിറ്റൂർ, ഒറ്റപ്പാലം, പാലക്കാട് ജില്ലാ ആശുപത്രി, മണ്ണാർക്കാട്, ആലത്തൂർ താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ ആറ് ആശുപത്രികളിൽ ഹീമോഫീലിയ മരുന്നുകൾ ലഭ്യമാണെന്നും പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.
ഹീമോഫീലിയ രോഗികളുടെ അവസ്ഥ പരിതാപകരമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഹീമോഫീലിയ ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരം മരുന്നുകൾ അലർജിക്ക് സാധ്യതയുള്ളതിനാൽ ഡോക്ടറുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച നഴ്സുമാർ മരുന്ന് കൊടുക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അത്യാവശ്യഘട്ടത്തിൽ ഒരു ഡോസ് മരുന്ന് രോഗിക്കു കൊടുത്തുവിടും. ബ്ലീഡിംഗിന്റെ സ്വഭാവമനുസരിച്ച് എത്ര ഡോസ് വേണമെന്നും ആശുപത്രി പ്രവേശനം ആവശ്യമുണ്ടോയെന്നും തീരുമാനിക്കേണ്ടത് ഡോക്ടറാണ്. രോഗിയുടെ കൈയിലുള്ള മരുന്ന് തീർന്നതായി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രണ്ടാമത്തെ ഡോസ് നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹീമോഫീലിയ രോഗികൾക്ക് ഇപ്പോൾ ആശുപത്രിയിൽ ചെന്നാൽ മാത്രമാണ് ഫാക്ടർ കിട്ടുന്നതെന്നും ബ്ലീഡിംഗ് തുടങ്ങി ആശുപത്രിയിൽ ചെല്ലുന്നതിനിടയിൽ അധികരക്തസ്രാവം കാരണം ബുദ്ധിമുട്ടുണ്ടാവുമെന്നും പരാതിക്കാരനായ ആലത്തൂർ സ്വദേശി ഡോണ് ജോയി പരാതിയിൽ പറഞ്ഞു.
എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ആശാധാരാ പദ്ധതി നോഡൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.