നവകേരള സദസ്: ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണി നടക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികളും യാത്രക്കാരും
1374298
Wednesday, November 29, 2023 1:48 AM IST
വടക്കഞ്ചേരി: നവകേരള സദസിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്വീകരിക്കാൻ വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ കൂറ്റൻ പന്തൽ ഒരുങ്ങുമ്പോൾ തകർന്നുകിടക്കുന്ന ബസ് സ്റ്റാൻഡ് താത്്കാലികമായെങ്കിലും റിപ്പയർ ചെയ്ത് വലിയ കുഴികൾ മൂടുമെന്ന പ്രതീക്ഷയിലാണ് സ്റ്റാൻഡി ലെ വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരുമൊക്കെ.
കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് സ്റ്റാൻഡിലെ പല ഭാഗങ്ങളും തകർന്ന് വാർപ്പുകമ്പികൾ പുറത്തേക്കു തള്ളിയ നിലയിലാണിപ്പോൾ. തൃശൂർ - പാലക്കാട്, തൃശൂർ - ഗോവിന്ദാപുരം റൂട്ടുകളിലെ ബസുകൾ ഉൾപ്പെടെ സ്റ്റാൻഡിലേക്ക് വരുന്ന ബസുകളെല്ലാം ഈ കുഴികളിൽ ചാടി വേണം സ്റ്റാൻഡ് വലയംചെയ്ത് റോഡിലേക്ക് പ്രവേശിക്കാൻ.
സ്റ്റാൻഡിന്റെ പകുതി ഭാഗവും ഗതാഗതം നിരോധിച്ച് സ്വീകരണത്തിനുള്ള പന്തൽപണി പുരോഗമിക്കുമ്പോൾ ഈ സമയം സ്റ്റാൻഡിലെ തകർന്നഭാഗങ്ങൾ കൂടി കോൺക്രീറ്റ് ചെയ്യുകയോ ടാറിംഗ് നടത്തുകയോ ചെയ്താൽ അത് വലിയ ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുഴുവൻ ബസുകൾ കയറാതെയും മറ്റു സൗകര്യക്കുറവുകളുമായി സ്റ്റാൻഡിന് എന്നും അവഗണനയാണ്.
മതിയായ വെളിച്ചമില്ലാത്തതിനാൽ സന്ധ്യ മയങ്ങിയാൽ സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും സ്റ്റാൻഡ് താവളമാക്കുന്ന സ്ഥിതിയുമുണ്ട്. ഇവിടെയുള്ള സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിലാണ് രണ്ടുതവണ കവർച്ച നടന്നത്.
ആളുകൾ കൂടുന്ന പരിപാടികളെല്ലാം ഇപ്പോൾ ടൗണിൽ നിന്നും മാറി ബസ് സ്റ്റാൻഡിലാണ് നടത്തുന്നതെങ്കിലും ഇവിടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇനിയും ബന്ധപ്പെട്ടവരുടെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന പരാതികളുമുണ്ട്. ഡിസംബർ മൂന്നിന് വൈകീട്ട് ആറിനാണ് തരൂർ നിയോജകമണ്ഡലത്തിന്റെ സ്വീകരണ കേന്ദ്രമായി വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നവകേരളസദസ്.