മംഗലംഡാം ഇടതു - വലതു കനാലുകൾ വൃത്തിയാക്കൽ ജോലി പൂർത്തിയാകുന്നു
1374104
Tuesday, November 28, 2023 1:57 AM IST
വടക്കഞ്ചേരി: മംഗലംഡാമിൽ നിന്നുള്ള ഇടതു- വലതു മെയിൻ കനാലുകളുടെയും സബ് കനാലുകളുടെയും വൃത്തിയാക്കൽ ജോലികൾ അന്തിമ ഘട്ടത്തിൽ. ഈ ആഴ്ചയോടെ കനാൽ പണികൾ പൂർത്തിയാക്കാനാകുമെന്ന് കനാൽ സെക്ഷൻ വടക്കഞ്ചേരി എ.ഇ സിന്ധു പറഞ്ഞു. മഴ നീണ്ടുനിൽക്കുന്നതിനാൽ രണ്ടാം വിള കൃഷിപണികൾക്ക് കനാൽ വെള്ളം പെട്ടെന്ന് ആവശ്യമായി വരുന്ന സ്ഥിതിയുമില്ല. കഴിഞ്ഞ രണ്ടു വർഷമായി ഇറിഗേഷൻ വകുപ്പ് നേരിട്ടാണ് കനാൽ പണികൾ കരാർ കൊടുത്ത് നടത്തുന്നത്. അതിനുമുമ്പും ഇറിഗേഷൻ വകുപ്പ് തന്നെയായിരുന്നു കനാൽ പണികൾ നടത്തിയിരുന്നത്.
എന്നാൽ ഇടക്കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുറച്ചു വർഷങ്ങൾ കനാലുകൾ വൃത്തിയാക്കിയിരുന്നു. ഇത് കർഷകരിൽ നിന്നുള്ള വലിയ പരാതികൾക്കും ഇടയാക്കി. ശരിയാംവണ്ണം കനാൽ വൃത്തിയാക്കാത്തതായിരുന്നു വിമർശനങ്ങൾക്ക് ഇടയാക്കിയത്. തൊഴിലുറപ്പു പദ്ധതിയിൽ തുടർപ്രവൃത്തികൾ പാടില്ലെന്ന കേന്ദ്രസർക്കാർ നിർദേശങ്ങളും കനാൽ പണികൾ ഇറിഗേഷൻ വകുപ്പിനു തന്നെ തിരികെ ഏൽപ്പിക്കാൻ കാരണമായി.
മുൻ വർഷങ്ങളിൽ ഒക്ടോബർ അവസാനമോ നവംബർ ആദ്യത്തിലോ കൃഷിപണികൾക്കായി കനാൽ വഴി വെള്ളം വിടേണ്ട സ്ഥിതി ഉണ്ടാകാറുണ്ട്. ഇക്കുറി മഴ നീണ്ടു നിന്നത് കൃഷിപണികൾക്ക് ആശ്വാസമായി. മംഗലംഡാം പരമാവധി ജലനിരപ്പിലുമാണ്.
ഇതിനാൽ കർഷകർക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ പറഞ്ഞു. കർഷകർ ആവശ്യപ്പെട്ടാൽ ഏത് സമയത്തും മംഗലം ഡാമിൽ നിന്നും വെള്ളം വിടാൻ എല്ലാം സജ്ജമാണെന്നും എ.ഇ അറിയിച്ചു. വലതു കനാൽ വണ്ടാഴി, അണക്കപ്പാറ, കാവശേരി, പാടൂർ, തോണിക്കടവ് വരെയായി 21 കിലോമീറ്ററും ഇടതു കനാല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകൾ പിന്നിട്ട് പ്ലാഴി വരെയായി 23 കിലോമീറ്ററുമാണ് ദൂരം.
മെയിൻ കനാലുകളുടെ വാലറ്റങ്ങളിൽ കനാലുകൾ രണ്ടായി തിരിഞ്ഞ് സബ് കനാല്‍ വഴിയും കുറച്ചു ദൂരം കൂടി വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.