പനങ്കുറ്റി താമരപ്പിള്ളിയിൽ വീണ്ടും കാട്ടാനകൂട്ടം; റബർ മരങ്ങൾ നശിപ്പിച്ചു
1374103
Tuesday, November 28, 2023 1:57 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പനങ്കുറ്റി താമരപ്പിള്ളിയിൽ കഴിഞ്ഞ രാത്രിയും കാട്ടാനക്കൂട്ടമെത്തി റബർ മരങ്ങൾ തള്ളിയിട്ട് നശിപ്പിച്ചു. പന്തലാംപാടം മലേകണ്ടത്തിൽ ജോർജ്, സാബു എന്നിവരുടെ തോട്ടങ്ങളിലെ റബർ മരങ്ങളാണ് തള്ളിയിട്ട് നശിപ്പിച്ചത്.
മൂന്ന് ദിവസം മുമ്പും ഇവരുടെ തോട്ടത്തിലെ വലിയ റബർ മരങ്ങൾ ആനകൾ തള്ളിയിട്ടിരുന്നു. രണ്ട് മരങ്ങളുടെ ഇലകളും ആനകൾ തിന്നിരുന്നു.
ആനകൾ കാടിറങ്ങിയാൽ വാഴ, തെങ്ങ് തുടങ്ങിയവയാണ് കൂടുതലും തിന്ന് നശിപ്പിച്ചിരുന്നത്. റബർ തോട്ടങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും ആനകൾ റബർ മരങ്ങൾ നശിപ്പിക്കാറില്ല. വനാതിർത്തികളിൽ കാട്ടുമൃഗങ്ങളുടെ കാര്യമായ ഉപദ്രവം ഇല്ലാതെ കൃഷി ചെയ്യാമായിരുന്ന വിളയായിരുന്നു റബർ. എന്നാൽ ആനകൾ റബർ മരങ്ങളും നശിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ വനാതിർത്തികളിലെ തോട്ടങ്ങളിൽ യാതൊരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതി വരുമെന്ന ആശങ്കയിലാണ് കർഷകർ.
ടാപ്പിംഗ് നടത്തുന്ന റബർ മരങ്ങളാണ് ഇത്തരത്തിൽ ആനകൾ കുത്തി മറിക്കുന്നത്. ഇവിടെ പ്രവർത്തിക്കാതിരിക്കുന്ന വനാതിർത്തിയിലെ സോളാർ വൈദ്യുത വേലി പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിന് പല തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. പീച്ചി കാട്ടിൽ നിന്നുള്ള ആനകളാണ് ഇവിടെ എത്തുന്നത്.
കാട്ടാനക്കൂട്ടം കാടിറങ്ങി നാട്ടിലെ കൃഷികളെല്ലാം നശിപ്പിക്കുന്നതു സംബന്ധിച്ച് പരാതിപ്പെട്ടിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തത് പരിശോധിക്കണമെന്നും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണെമെന്നും കർഷകർ ആവശ്യപ്പെട്ടു.