വീടുകളിൽ കാർത്തിക ദീപം തെളിഞ്ഞു
1374097
Tuesday, November 28, 2023 1:57 AM IST
നെന്മാറ : കാർത്തിക ഉത്സവത്തിന്റെ ഭാഗമായി വീടുകളിൽ കാർത്തിക ദീപം തെളിയിച്ചു. വൃശ്ചിക മാസത്തിലെ പൂർണ്ണിമയും കാർത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് കേരളത്തിൽ തൃക്കാർത്തികയായി ആഘോഷിക്കുന്നത്.
തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ തമിഴ്നാടിനോട് ചേർന്ന് മേഖലകളിലെ വീടുകളിലും സന്ധ്യയ്ക്ക് നിരയായി മണ്ചെരാതുകളിൽ കാർത്തിക വിളക്ക് തെളിയിച്ച് ആഘോഷിക്കുന്നു.
കേരളത്തിൽ ലക്ഷ്മിദേവിയുടെ പ്രീതിക്കായി ആണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. കാർഷിക മേഖലയിൽ കാർത്തികവിളക്ക് കീടം നിയന്ത്രിക്കുമെന്നാണ് വിശ്വാസം. രണ്ടാം വിള നെൽക്കൃഷിയുടെ സമയത്താണ് കാർത്തികവിളക്ക് ആഘോഷിക്കുന്നത്.
നെല്ലിലെ തണ്ടുതുരപ്പനും ഇല ചുരുട്ടിയും തുടങ്ങി നിശാശലഭങ്ങൾ രാത്രികാലങ്ങളിൽ ചെടികളിൽ മുട്ടയിട്ട് പോവുകയും അത് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഈ സമയത്ത് കേരളത്തിൽ എല്ലായിടത്തും ഒരേ സമയത്ത് ’വിളക്ക് കെണി’ വയ്ക്കുന്ന ഒരു ആചാരമായി ഇതിനെ കണക്കാക്കുന്നു. ഒരു ദിവസം നിശ്ചിത സമയത്ത് ദശലക്ഷക്കണക്കിന് ദീപങ്ങൾ പുരയിടങ്ങളിലും നെൽ പാടത്തുമടക്കം കത്തിച്ചു വയ്ക്കുന്പോൾ അസംഖ്യം ശത്രുകീടങ്ങൾ ഒരു തരി വിഷം തീണ്ടാതെ നിയന്ത്രിക്കപ്പെടുന്ന മനോഹരമായ ആചാരമായും കർഷകർ വിശേഷിപ്പിക്കുന്നു.
ഇന്ന് ഗവേഷകർ കൃഷിയിൽ മുന്നോട്ട് വയ്ക്കുന്ന വിളക്ക് കെണികളുടെ ആദിമരൂപമാണ് കാർത്തിക ദീപം എന്നും കർഷകർ പറയുന്നു.